എറണാകുളം: കൊച്ചി മെട്രോയിൽ രാത്രിയാത്രയ്ക്കായി നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം വെട്ടിക്കുറച്ചതായി അറിയിച്ച് അധികൃതർ. മെട്രോയിൽ തിരക്കില്ലാതിരുന്ന രാത്രി സമയങ്ങളിൽ 50 ശതമാനം നിരക്കിളവായിരുന്നു നൽകിയിരുന്നത്. ഒൻപത് മുതൽ 11 വരെ പകുതി നിരക്കിലായിരുന്നു യാത്ര അനുവദിച്ചിരുന്നത്. എന്നാൽ രണ്ട് മണിക്കൂർ ദൈർഘ്യത്തിൽ നിന്നും ഒരു മണിക്കൂറായി വെട്ടിക്കുറച്ചിരിക്കുകയാണ് കൊച്ചി മെട്രോ. വ്യാഴായ്ച മുതൽ രാത്രി ഒരു മണിക്കൂർ മാത്രമാണ് യാത്രക്കാർക്ക് ഇത്തരത്തിൽ സേനവം ലഭ്യമാകുന്നത്. ഇനി മുതൽ രാത്രി 10 മുതൽ 11 വരെ മാത്രമാകും 50 ശതമാനം നിരക്കിളവിൽ യാത്ര ചെയ്യാൻ സാധിക്കുക.
രാത്രി കാലങ്ങളിൽ താരതമ്യനേ മെട്രോയിൽ തിരക്ക് കുറവായിരുന്നു. ഇക്കാരണത്താൽ തന്നെയാണ് തിരക്കില്ലാത്ത സമയത്ത് മെട്രോ ട്രെയിനിലേക്ക് യാത്രികരെ ആകർഷിക്കുന്നതിന് വേണ്ടി 50 ശതമാനം നിരക്കിളവ് നൽകിയിരുന്നത്. എന്നാൽ രാവിലെ 5.45 മുതൽ 8 വരെ അതായത് രണ്ടേകാൽ മണിക്കൂർ ലഭ്യമാകുന്ന നിരക്കിളവ് തുടർന്നും ലഭിക്കും.
മെട്രോയുടെ തുടക്കകാലത്ത് രാത്രി എട്ട് മുതൽ 11 വരെയായിരുന്നു നിരക്കിളവ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് ഒമ്പത് മുതൽ 11 വരെ എന്ന് പുനഃക്രമീകരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ഒരു മണിക്കൂർ കൂടി വെട്ടിക്കുറച്ചിരിക്കുകയാണ് നിരക്കിളവ്.
Comments