കോഴിക്കോട്: മുസ്ലീം ലീഗിനെ പുകഴ്‌ത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. ലീഗ് ജനാധിപത്യ പാർട്ടിയാണെന്നും പല വിഷയങ്ങളിലും ലീഗ് സ്വീകരിച്ചിട്ടുള്ളത് വളരെ ശക്തമായ നിലപാടാണെന്നും ശിവൻകുട്ടി പ്രതികരിച്ചു.
കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമാണ്. ഉറച്ച നിലപാടില്ല. യുസിസി വിഷയത്തിൽ ഇഎംഎസിന്റെ നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിച്ചുവെന്ന കോൺഗ്രസ് ആരോപണം ശരിയല്ല. കോൺഗ്രസ് ആരോപണം. ശക്തമായ നിലപാടുള്ളവരാണ് മുസ്ലീം ലീഗിലുള്ളത്. അതുകൊണ്ടാണ് യുസിസി വിരുദ്ധ സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഏകീകൃത സിവി ല്‍കോഡിനെതിരെ ലീഗടക്കമുള്ളവര്‍ നടത്തുന്ന പ്രതിഷേധ വേദികളില്‍ പങ്കെടുക്കുന്നതിന് സിപിഎമ്മിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു. യുസിസി വിഷയത്തിൽ മുസ്ലിം അനുകൂല പാർട്ടികൾ എല്ലാവർക്കും ഒരു മനസ്സാണ്. ലീഗിനുള്ളിൽ ആശയക്കുഴപ്പമുള്ളതായി തോന്നുന്നില്ല. യുസിസിക്കെതിരെ ആര് മുൻകൈയ്യെടുത്ത് പ്രവർത്തിച്ചാലും അതിന് സിപിഎം പിന്തുണ നൽകുമെന്നും ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ സ്വാഗതം ചെയ്യുമെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. ലീഗുമായി തൊട്ടുകൂടായ്മയില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എന്നാൽ സിപിഎമ്മിന്റെ ക്ഷണം സ്വീകരിക്കുന്നില്ലെന്ന നിലപാടാണ് മുസ്ലീം ലീഗ് ഒടുവിൽ സ്വീകരിച്ചത്. സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. സിപിഎമ്മിന്റെ ക്ഷണം തള്ളാനുള്ള തീരുമാനം പാണക്കാട് ചേർന്ന അടിയന്തിര യോഗത്തിലാണുണ്ടായത്. സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗിൽ വിവിധ നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങൾ ഉണ്ടായതിനെ തുടർന്നായിരുന്നു യോഗം.
നിലവിൽ മുസ്ലിം ലീഗിനെ ചേർത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിന്റെ അഭിപ്രായം. യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും തങ്ങൾ പ്രതികരിച്ചു.
Comments