മൊബൈല്‍ ഫോണ്‍ മോഷണം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ടന്‍ചാവടി സ്വദേശി പ്രീതിയാണ്(22) കഴിഞ്ഞ ദിവസം മരിച്ചത്. കോട്ടൂര്‍പുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ജൂലൈ രണ്ടിന് ജോലി സ്ഥലത്ത് നിന്ന് തിരുവാണ്‍മിയൂരിലേക്ക് വരുന്നതിനിടെയാണ് അപകടം. ചെന്നൈ ഇന്ദിരാ നഗര്‍ സ്റ്റേഷനില്‍ 2ന് വൈകിട്ടായിരുന്നു സംഭവം.ട്രെയിനിലെ തിരക്കു കാരണം വാതിലിനരികിലായിരുന്നു പ്രീതി നിന്നിരുന്നത്.
ഇതിനിടെ രണ്ട് പേര്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെ യുവതി ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും അബോധാവസ്ഥയിലായ യുവതിയെ സംഭവസ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏറെ നേരെ പ്ലാറ്റ്‌ഫോമില്‍ കിടന്നെങ്കിവെങ്കിലും യുവതിയെ ആരും തിരുഞ്ഞു നോക്കിയില്ലെന്ന് പ്രീതിയുടെ സഹോദരന്‍ ഗുബേന്ദ്രന്‍ പറഞ്ഞു. പ്രീതി പുതിയ ജോലിയില്‍ കയറിട്ട് രണ്ടുമാസമേ ആയൂള്ളു.
യാത്രക്കാരില്‍ ഒരാള്‍ പ്രീതിയുടെ ഐ.ഡികാര്‍ഡില്‍ നിന്ന് ലഭിച്ച നമ്പരില്‍ നിന്ന് അപകട വിവരം പ്രീതിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. പ്രീതിയുടെ കുടുംബമെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം റോയപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ പോലീസ് പ്രീതിയുടെ കോള്‍ റെക്കോര്‍ഡുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു. ബസന്ത് നഗറിലെ ഒരു മീന്‍ കടയില്‍ ജോലി ചെയ്യുന്ന രാജു എന്ന ആളിലേക്കാണ് പോലീസ് അന്വേഷണം എത്തിയത്. ചോദ്യം ചെയ്യലില്‍ 2000 രൂപ നല്‍കി രണ്ടുപേരില്‍ നിന്ന് ഫോണ്‍ വാങ്ങിയതായി രാജു വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ മണിമാരന്‍, വിഘ്‌നേശ് എന്നിവരെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രീതിയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചതായും ഇതിനിടെയാണ് ട്രെയിനില്‍ നിന്ന് വീണതെന്നും ഇരുവരും സമ്മതിച്ചു.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വള്ളത്തോൾ നഗറിൽ പീഡന ശ്രമത്തിനിടെ സൗമ്യയെന്ന യുവതി ട്രെയിനിൽ നിന്ന് വീണിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിച്ചതിന് പിന്നാലെ കേരളം സമാനതകളില്ലാത്ത പ്രതിഷേധത്തിനും വിവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു.പ്രതിയായ ഗോവിന്ദചാമിക്ക് വധ ശിക്ഷ വിധിച്ചെങ്കിലും പിന്നീട് ഇത് ഏഴുവർഷമാക്കി കുറച്ചിരുന്നു.
















Comments