ന്യൂഡൽഹി: കുത്തിയൊലിച്ചു പെയ്യുന്ന മഴയെക്കാളേറെയാണ് ഉത്തരേന്ത്യയിലെ ജനങ്ങളുടെ വിലാപം. ഹിമാചൽപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പടെ സംസ്ഥാനങ്ങളിൽ മഴ കനത്ത നാശം വിതച്ചു. ഡൽഹിയിൽ നാല് പതിറ്റാണ്ടിനു ശേഷമുള്ള റെക്കോർഡ് മഴയാണിത്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും റെഡ് അലർട്ടും ഡൽഹിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
കനത്ത മഴയെത്തുടർന്ന് ഡൽഹിയിൽ പല ഇടങ്ങളിലും വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹിമാചൽ പ്രദേശിൽ മഴയുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഭവങ്ങളിൽ അഞ്ച് പേർ മരണപ്പെട്ടു. ഷിംലയിൽ മൂന്ന്, ചമ്പയിൽ ഒരാൾ, കുളുവിൽ ഒരാൾ എന്നിങ്ങനെയാണ് മരണപ്പെട്ടത്. സംസ്ഥാനത്തെ ബിയാസ് നദി അപകടരേഖയ്‌ക്ക് മുകളിൽ ഒഴുകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശം നൽകി. സോളൻ ജില്ലയിലെ കസൗലി മേഖലയിൽ ശനിയാഴ്ച രാവിലെയുണ്ടായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിർമ്മാണത്തിലിരിക്കുന്ന ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലാ ഭരണകൂടം തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഷിംല, സിർമൗർ, ലാഹൗൾ, സ്പിതി, ചമ്പ, സോളൻ ജില്ലകളിലെ നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു.
കരോൾബാഗിൽ ഫ്ലാറ്റിന്റെ സീലിംഗ് തകർന്ന് വീണ് ഒരാൾ മരണപ്പെട്ടപ്പോൾ, രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജമ്മുകശ്മീരിൽ അമർനാഥ് തീർത്ഥാടന യാത്ര താത്കാലികമായി നിർത്തിവെച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് കുടുങ്ങി കിടന്നിരുന്ന തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. ജമ്മു – ശ്രീനഗർ ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് താത്കാലികമായി അടച്ചിരിക്കുകയാണ്. ഷിംല കാൽക ട്രെയിൻ സർവ്വീസും നിർത്തിവെച്ച സാഹര്യത്തിൽ വിനോദ സഞ്ചാരികളും തീർത്ഥാടകരും ജാഗ്രത പാലിക്കണമെന്നും മഴ രണ്ട് ദിവസം കൂടി തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















Comments