തിരുവനന്തപുരം: കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ വഞ്ചിയൂർ വിഷ്ണുവിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ടിൽ നിന്നും പണംവെട്ടിച്ചതായി പരാതി. സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. രവീന്ദ്രനെതിരെ സിപിഎം ആഭ്യന്തര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു.
2008 ലാണ് വിഷ്ണു അജ്ഞാതരുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ അന്ന് വൻ പണപ്പിരിവ് തിരുവനന്തപുരം നഗരത്തിന്റെ എല്ലാ ഭാഗത്തും നടന്നു. ഈ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ടി.രവീന്ദ്രൻ നായർ തട്ടിയെടുത്തെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വിവാദത്തെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റാണ് വിഷയം അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി വി. ജോയ് ആയിരിക്കും അന്വേഷണം നടത്തുക.
ആകെ 16 ലക്ഷത്തോളം രൂപയാണ് അന്ന് പിരിച്ചെടുത്തത്. ഇതിൽ 11 ലക്ഷം വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി. ബാക്കി വന്ന 5 ലക്ഷം നിയമ സഹായ ഫണ്ടെന്ന പേരിൽ രവീന്ദ്രൻ നായരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഈ തുക രവീന്ദ്രൻ നായർ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി കൈക്കലാക്കിയെന്നാണ് ഉയർന്നിരിക്കുന്ന പരാതി.
















Comments