മലയാളിയുടെ പ്രിയഭക്ഷണമാണ് കപ്പ അല്ലെങ്കിൽ മരച്ചീനി. വേവിച്ചും പുഴുക്കായും വറുത്തുമൊക്കെ അകത്താക്കാറാണ് പതിവ്. പണ്ട് കാലത്ത് പട്ടിണി അകറ്റാനാണ് കപ്പ കഴിച്ചിരുന്നതെങ്കിൽ ഇന്ന് ഫെവ് സ്റ്റാർ ഹോട്ടലുകളിൽ പോലും കപ്പ താരമാണ്. ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ചെയ്യുന്നുണ്ട് കപ്പ. എന്നിരുന്നാലും കപ്പ കഴിക്കുമ്പോൾ അൽപം ശ്രദ്ധ പുലർത്തേണ്ടതാണ്. സൂക്ഷിച്ച് കപ്പ പാകം ചെയ്തില്ലെങ്കിൽ ഒരുപക്ഷേ മരണത്തിലേക്ക് പോലും നയിച്ചേക്കാം.
കപ്പ പാകം ചെയ്യുമ്പോൾ വെള്ളം ഊറ്റി കളയുന്നതെന്തിനെന്ന് ആലോചിച്ചിട്ടുണ്ടോ? സയനൈഡ് പോലെ മാരകമായ വിഷം അടങ്ങിയിട്ടുള്ള ഒന്നാണ് കപ്പ. അതുകൊണ്ടാണ് കപ്പ വെള്ളത്തിലിട്ട് വേവിക്കുന്നതും വെള്ളം ഊറ്റി കളയുന്നതും. പച്ചക്കപ്പ കളിക്കുമ്പോൾ പലർക്കും വയറുവേദന എടുക്കാറുണ്ട്. ഇത് കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശം മുഴുവനായി പോകാത്തത് കൊണ്ടാണ്.
മരച്ചീനിയിൽ സയനോജെനിക് ഗ്ലൂക്കോസൈഡുകൾ ആയ ലിനമാറിനും ലോട്ടാസ്റ്റാർലിനും ഉണ്ട്. കപ്പയിൽ ഉള്ള എൻസൈമാണ് മാരക വിഷമായ ഹൈഡ്രജൻ സയനൈഡ് ആക്കി മാറ്റുന്നത്. ഹൈഡ്രജൻ സയനൈഡ് ദ്രാവക രൂപത്തിലും, വാതക രൂപത്തിലും മരച്ചീനിയിൽ രൂപപ്പെടും. കപ്പയിലെ സയനൈഡിന്റെ അളവിന് അനുസരിച്ച് കയ്പ്പ് കൂടുന്നു.
കപ്പയുടെ തൊലിക്കിടയിൽ ലിനാമാരിൻ എന്നൊരു ഘടകമുണ്ട്. ഇതിൽ ഹൈഡ്രജൻ സയനൈഡും അടങ്ങിയിരിക്കുന്നു. സാധാരണയായി പലരും വെള്ളം എടുത്ത് അതിലാണ് കപ്പയിട്ട് വേവിക്കുന്നത്. എന്നാൽ ഇങ്ങനെയല്ല കപ്പ വേവിക്കേണ്ടതെന്നാണ് പറയുന്നത്. മറിച്ച്, തിളക്കുന്ന വെള്ളത്തിലിട്ട് വേണെ കപ്പ വേവിക്കാൻ. നല്ലതുപോലെ തിളച്ച ശേഷം രണ്ടോ മൂന്നോ തവണ വെള്ളം ഊറ്റി കളയുന്നതും നല്ലതാണ്. ഇങ്ങനെ കപ്പയുടെ വിഷാംശം മുഴുവൻ ഊറ്റി കളഞ്ഞിട്ട് കഴിച്ചാൽ കപ്പ ആരോഗ്യത്തിന് ഗുണം ചെയ്യും.
പാകം ചെയ്താലും കപ്പയിലെ വിഷാംശം മുഴുവൻ മാറുന്നില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടാണ് പലരിലും കപ്പ കഴിച്ച് കഴിഞ്ഞാൽ വയർ വീർത്ത പോലെ തോന്നുന്നത്. ഇത് കപ്പയിലെ വിഷം പൂർണമായും വിട്ടുമാറാത്ത കൊണ്ടാണ്. സ്ഥിരമായി കപ്പ കഴിച്ചാൽ ഈ വിഷാംശം ശരീരത്തിലെത്തി വൃക്ക, പാൻക്രിയാസ് പോലുള്ള ആന്തരിക അവയവങ്ങൾക്ക് ദോഷം ചെയ്യും.
പ്രമേഹമുള്ളവർ കപ്പ ഒഴിവാക്കേണ്ടതാണ്. ഗ്ലൈസമിക് ഇൻഡെക്‌സ് എന്ന ഘടകമാണ് പ്രമേഹ സൂചകമായി മാറുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് ഉയരുമ്പോഴാണ് പ്രമേഹ സാദ്ധ്യതയും വർദ്ധിക്കുന്നത്. തൈറോയ്ഡ് വർദ്ധിപ്പിക്കുന്നതിലും കപ്പ വില്ലനാണ്. മീനിനോ ഇറച്ചിയ്‌ക്കോ ഒപ്പം കപ്പ കഴിക്കണമെന്നാണ് പറയാറ്. ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ കപ്പയിലെ വിഷത്തിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രോട്ടീനടങ്ങിയ ഭക്ഷണത്തിനൊപ്പവും കപ്പ കഴിക്കുന്നത് ഉത്തമമാണ്. വൻ പയർ, ചെറുപയർ നിലക്കടല എന്നിവയ്‌ക്കൊപ്പം കഴിക്കുന്നത് നല്ലതാണ്.
















Comments