എറണാകുളം: മറുനാടനെതിരായ പോലീസ് നടപടിയിൽ വിമർശനവുമായി ഹൈക്കോടതി. കേസിൽ പ്രതിയല്ലാത്ത മാദ്ധ്യമ പ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്ത നടപടിയെയാണ് കോടതി വിമിർശിച്ചിരിക്കുന്നത്. പ്രതിയല്ലാത്തയാളുടെ ഫോൺ പിടിച്ചെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി പോലീസിനോട് ചോദിച്ചു. മാദ്ധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടെന്ന് നിരീക്ഷിച്ച കോടതി ഫോൺ ഉടൻ വിട്ടുനൽകണമെന്ന് പോലീസിനോട് നിർദ്ദേശിച്ചു.
പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കുമെന്നും ഹൈക്കോടതി പോലീസിനോട് ചോദിച്ചു. നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. മാദ്ധ്യമപ്രവർത്തകർ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. കേസിലെ മുഖ്യപ്രതിയായ ഷാജൻ സ്‌കറിയയെ പിടിക്കാൻ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണ്. ഇത്തരത്തിൽ എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും മൊബൈലുകൾ പിടിച്ചെടുക്കുമോയെന്നും കോടതി ചോദിച്ചു.
ജൂലൈ നാലിന് മറുനാടൻ മലയാളി വെബ് ചാനലിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ കംപ്യൂട്ടറുകളും ക്യാമറകളും പോലീസ് പിടിച്ചെടുത്തിരുന്നു. 25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്. കൂടാതെ ജീനക്കാരുടെയും ഉടമ ഷാജൻ സ്‌കറിയയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും വീടുകളിൽ പരിശോധന നടത്തുകയും ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മാദ്ധ്യമ പ്രവർത്തകൻ വിശാഖൻ നൽകിയ ഹർജിയിലാണ് പോലീസിനെതിരെ രൂക്ഷ വിമർശനം കോടതി നടത്തിയിരിക്കുന്നത്.
പി.വി. ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു പോലീസ് നടപടി. പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ തുങ്ങിയവ ചേർത്താണ് സ്ഥാപന ഉടമയായ ഷാജനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments