ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ഇന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷായെ കാണും. പശ്ചിമബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ കേന്ദ്രമന്ത്രിയുമായി ചർച്ചയുണ്ടായേക്കുമെന്നാണ് കുതുന്നത്. ഇന്ന് വൈകുന്നേരമാണ് കേന്ദ്രമന്ത്രിയുമായി ബംഗാൾ ഗവർണർ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അക്രമസംഭവങ്ങൾ ചർച്ച ചെയ്യുകയും സംഘർഷ സ്ഥലങ്ങൾ സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടും ഗവർണർ കേന്ദ്രമന്ത്രിയ്‌ക്ക് നൽകും.
നിരവധി അക്രമസംഭവങ്ങളാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അക്രമങ്ങളിൽ 10 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. മുർഷിദാബാദ്, കൂച്ച് ബിഹാർ, മാൾഡ, സൗത്ത് 24 പർഗാനാസ്, നോർത്ത് ദിനാജ്പൂർ, നാദിയ തുടങ്ങി നിരവധി ജില്ലകളിൽ നിന്ന് ബൂത്ത് പിടിച്ചെടുക്കൽ, ബാലറ്റുപ്പെട്ടികൾ നശിപ്പിക്കുക എന്നിവ ചെയ്തിരുന്നു. പ്രിസൈഡിംഗ് ഓഫീസർമാരുടെ ആക്രമണം അടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമത്തെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 697 ബൂത്തുകളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബാലറ്റിൽ കൃത്രിമം നടന്നുവെന്നും മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഓഫീസർമാരും തൃണമൂൽ കോൺഗ്രസിന് അനുകൂലമായി കള്ളവോട്ട് നടത്താൻ സഹായിച്ചെന്ന് ബിജെപി പറഞ്ഞു. ഇതേത്തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കത്തെഴുതുകയും ഉപതിരഞ്ഞെടുപ്പിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാവിലെ ഏഴു മണിയോടെ ആരംഭിച്ച വോട്ടിംഗിൽ ഇതുവരെ അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഉപതിരഞ്ഞെടുപ്പിലും സംഘർഷത്തിന് സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്റലിജെൻസ് റിപ്പോർട്ട് പുറത്ത് വന്നു. ജൂലൈ 11നാണ് വോട്ടണ്ണെല് നിശ്ചയിച്ചിരിക്കുന്നത്.
















Comments