സാമ്പത്തിക പ്രശ്‌നങ്ങളും ജീവനക്കാരുടെ പിരിച്ചുവിടലുകളും തുടങ്ങി, ഒരുപിടി വിവാദങ്ങളിൽപ്പെട്ട് പ്രതിസന്ധിയിൽ ഉഴലുന്ന ബൈജൂസിനെ പിടിച്ചുലച്ച് അടുത്ത പരീക്ഷണം. വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനത്തിനെതിരെ സീരിയസ് ഫ്രോഡ്സ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (Serious Frauds Investigation Office /SFIO) അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുകൾ. കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ആണ് എസ്.എഫ്.ഐ.ഒ.
കമ്പനി നടത്തിപ്പിലെ വീഴ്ചകളും കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനഫലങ്ങൾ പുറത്തുവിടാത്ത സാഹചര്യവുമാണ് അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് ‘ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ബ്രാൻഡ് അംബാസിഡൻ ബോളിവുഡ് താരം ഷാരൂഖ് ഖാൻ കമ്പനിയുമായുള്ള കരാറുകൾ പുതുക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കമ്പനിയുടെ നടത്തിപ്പിലെ പ്രശ്നങ്ങളെ തുടർന്ന് ബൈജൂസിന്റെ മൂന്ന് പ്രധാന ഡയറക്ടർമാർ രാജിവച്ച് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് പുതിയ റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തനഫല റിപ്പോർട്ട് പുറത്തിറക്കുന്നതിലെ നീണ്ട കാലതാമസം ചൂണ്ടിക്കാട്ടി ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് ഡലോയിറ്റും പിൻമാറിയിരുന്നു.
കമ്പനീസ് ആക്റ്റ് 2013 ന്റെ സെഷൻ 208 അനുസരിച്ച് രജിസ്ട്രാർ/ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിച്ചാൽ എസ്.എഫ് ഐ.ഒ അന്വേഷണം നടത്താറുണ്ട്. അല്ലെങ്കിൽ ഒരു കമ്പനി അന്വേഷണം ആവശ്യപ്പെട്ട് സ്പെഷ്യൽ റസലൂഷൻ പാസാക്കിയാലോ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അന്വേഷണം ആവശ്യപ്പെട്ടാലോ എസ്.എഫ്.ഐ.ഒയെ അന്വേഷണം ഏൽപ്പിക്കാറുണ്ട്. അതേസമയം അന്വേഷണത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഊഹാപോഹം മാത്രമാണെന്ന് ബൈജൂസിനെ പ്രതിനിധീകരിച്ച് എം.ഇസഡ്.എം ലീഗൽ എൽ.എൽ പി മാനേജിംഗ് പാർട്ണർ സുൽഫിക്കർ മേമൻ പറഞ്ഞു.
















Comments