മകൻ കുഴഞ്ഞുവീണു, ഞാൻ എയിംസിലേക്ക് ഓടി; എന്ത് ചെയ്യണമെന്ന് പോലും എനിക്കറിയില്ലായിരുന്നു; അപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ആ ഫോൺകോൾ: സ്മൃതി ഇറാനി

Published by
Janam Web Desk

നടി എന്ന നിലയിലും രാഷ്‌ട്രീയ പ്രവർത്തക എന്ന നിലയിലും ജനഹൃദയങ്ങൾ കീഴടക്കിയ വ്യക്തിയാണ് ബിജെപി നേതാവും മന്ത്രിയുമായ സ്മൃതി ഇറാനി. തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യതയോടെ നിറവേറ്റുകയും ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഒരു ജനപ്രതിനിധി എന്ന നിലയിൽ സ്മൃതി ഇറാനിയ്‌ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. സമൃതിയുടെ ഈ ജനപ്രീതി തന്നെയാണ് രാഹുൽ ​ഗാന്ധിയുടെ പരാജയത്തിനും കാരണമായത്. ഒരു അഭിനേത്രിയെന്ന നിലയിലുള്ള തന്റെ ആദ്യ നാളുകളെക്കുറിച്ചും ജീവിതത്തിലും രാഷ്‌ട്രീയത്തിലും തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് സ്മൃതി ഇറാനി. താൻ ഒരിക്കലും രാഷ്‌ട്രീയവും അഭിനയവും ഇടകലർത്തിയിട്ടില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാ​ഗത്തു നിന്നുണ്ടായ ഇടപെടൽ മറന്നു പോകില്ലെന്നും സ്മൃതി ഇറാനി പറയുന്നു.

‘150 രൂപ മാത്രം വരുമാനമുള്ള മാതാപിതാക്കളുടെ മകളായാണ് ഞാൻ ജനിച്ചത്. മന്ത്രി ഓഫീസിൽ നിന്ന് കൃത്യം 10 ​​കിലോമീറ്റർ അകലെയുള്ള സർക്കാർ ആശുപത്രിയിലാണ് എന്റെ ജനനം. എനിക്കൊരിക്കലും രാഷ്‌ട്രീയമോഹം ഉണ്ടായിരുന്നില്ല. എന്ത് ചെയ്താലും ഏറ്റവും മികച്ച രീതിയിൽ ചെയ്യണമെന്ന് മാത്രമായിരുന്നു എന്റെ ആ​ഗ്രഹം. അഭിനയ കാലഘട്ടത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു എനിക്ക് നേരിടേണ്ടി വന്നത്. സ്വന്തമായൊരു വീട് പണികഴിപ്പിക്കാൻ എനിക്ക് ബാങ്കിൽ നിന്നും പണം കടം എടുക്കേണ്ടി വന്നു. അത് തിരിച്ചടയ്‌ക്കാൻ ഒരുപാട് കഷ്ടപ്പെട്ടു’.

‘ഇതിനിടെ, ഒരു പാൻ മസാലയുടെ പരസ്യം എനിക്ക് ലഭിച്ചു. അവർ ഓഫർ ചെയ്ത പണം ഞാൻ ബാങ്കിൽ കൊടുക്കാനുള്ളതിന്റെ 10 ഇരട്ടി ആയിരുന്നു. എന്നാൽ ആ പരസ്യത്തിന്റെ ഭാ​ഗമാകാൻ ഞാൻ ആ​ഗ്രഹിച്ചില്ല. ആ ഓഫർ നിരസിച്ചു. എന്നെ ഒരുപാട് കുടുംബങ്ങൾ കാണുന്നുണ്ട്. കുട്ടികളും യുവാക്കളും പരസ്യം കണ്ടാൽ വഴി തെറ്റും. അതിനാൽ പരസ്യത്തിൽ അഭിനയിക്കുന്നത് ഞാൻ വേണ്ടന്നു വെയ്‌ക്കുകയായിരുന്നു. എന്റെ വസ്ത്രധാരണവും ഒരു നടി എന്ന ഇമേജും രാഷ്‌ട്രീയത്തിൽ ഇറങ്ങി വോട്ട് ചോദിക്കുന്നതിന് വേണ്ടി ഉപയോ​ഗിക്കാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. ഒരിടത്തു പോലും എന്റെ അഭിനയജീവിതം ഉയർത്തിക്കാട്ടി വോട്ട് ചോദിക്കുന്നതോ സംസാരിക്കുന്നതോ നിങ്ങൾക്ക് കാണാൻ സാധിക്കില്ല’.

‘ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ഒന്ന് എന്റെ മകൻ കുഴഞ്ഞു വീണ സംഭവമായിരുന്നു. ചില രാഷ്‌ട്രീയ വിവാദങ്ങൾ നടക്കുന്നു. ഞാൻ പാർലമെന്റുകൾക്കിടയിൽ ഓടി നടക്കുകയായിരുന്നു. ഇതിനിടയിൽ എന്റെ മകൻ കുഴഞ്ഞുവീണു. അവൻ പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. രാഷ്‌ട്രീയത്തിൽ എന്റെ ആദ്യ വർഷം. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ എയിംസിലേക്ക് ഓടി. അടുത്ത ദിവസം പാർലമെന്റിൽ എനിക്ക് ഉത്തരം നൽകാൻ ഉണ്ടായിരുന്നു. എനിക്കെതിരെ ഒരു വിവാദം ഉയർന്നിരുന്നു. എന്റെ ലോകം തകർന്നു. ആ വിഷമം മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഫോൺകോൾ. അത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നോട് ശാന്തമായി ഇരിക്കാൻ അദ്ദേഹം പറഞ്ഞു. എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ പറഞ്ഞു. അത് വലിയ ആശ്വാസമാണ് എനിക്ക് നൽകിയത്’- സ്മൃതി ഇറാനി പറഞ്ഞു.

 

 

Share
Leave a Comment