ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവരാണ് നമ്മളിൽ പലരും. ഇത്തരം ഇടപാടുകളിൽ പുത്തൻ മാറ്റവുമായെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാർഡുകളിലെ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ ഉപയോക്താക്കൾക്ക് സ്വയം തിരഞ്ഞെടുക്കാവുന്ന രീതിയാണ് റിസർവ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുമ്പോൾ വിസ, മാസ്റ്റർ കാർഡ്, അമേരിക്കൻ എക്‌സ്പ്രസ് ബാങ്കിംഗ് കോർപറേഷൻ, ഡൈനേഴ്‌സ് ക്ലബ്ബ് ഇന്റർനാഷണൽ, മാസ്റ്റർ കാർഡ് ഏഷ്യ-പസഫിക്, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ എന്നിവയാണ് ബാങ്ക് സെർവറുകളുമായി ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക് പ്രൊവൈഡർമാർ. ഇവയിൽ ഏതെങ്കിലുമാകും ഓരോ ഉപയോക്താവും കാർഡ് ആക്റ്റിവേറ്റ് ചെയ്യുമ്പോൾ ബന്ധിപ്പിക്കുന്നത്. എന്നാൽ ഇനി മുതൽ ഏത് നെറ്റ്‌വർക്ക് പ്രൊവൈഡറെ തിരഞ്ഞെടുക്കണമെന്ന് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അവരുടെ അനുമതിയോട് കൂടി മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ ഓരോ കാർഡുമായി ബന്ധിപ്പിക്കാവൂവെന്ന് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളിൽ ബാങ്കുകൾ പങ്കാളികളാകാനും യോഗ്യരായ ഉപയോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളിൽ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകാനും നിബന്ധനകളിൽ വ്യക്തമാക്കുന്നു. കാർഡ് ഇഷ്യു ചെയ്യുന്ന സമയത്തോ അതിന് ശേഷമോ ഈ ഓപ്ഷൻ ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്നതാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
Comments