പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ പുരസ്കാരം സമ്മാനിക്കുമെന്ന് തിലക് സ്മാരക മന്ദിർ ട്രസ്റ്റ്. മികച്ച നേതൃത്വത്തിനും പൗരന്മാരിൽ ദേശസ്‌നേഹം ഉണർത്തുന്നതിനുമുള്ള അംഗീകാരമായാണ് ആഗസ്റ്റ് 1-ന് പൂനെയിൽ വച്ച് ലോകമാന്യ തിലക് ദേശീയ അവാർഡ് പ്രധാനമന്ത്രിക്ക് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ എൻസിപി നേതാവ് ശരദ് പവാർ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും പൂനെ ആസ്ഥാനമായുള്ള ട്രസ്റ്റ് അറിയിച്ചു.
‘ലോകമാന്യ തിലകിന്റെ 103-ാം ചരമവാർഷികമായ ഓഗസ്റ്റ് 1-ന് തിലക് സ്മാരക മന്ദിർ ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ അവാർഡ് സമ്മാനിക്കും. ചടങ്ങിൽ എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ മുഖ്യാതിഥിയാകും. വേദിയിൽ വച്ച് പ്രധാനമന്ത്രിക്ക് അവാർഡ് സമ്മാനിക്കും. ആത്മനിർഭർ ഭാരത് എന്ന ആശയത്തിന് കീഴിൽ ഇന്ത്യ പുരോഗതിയുടെ പടവുകൾ കയറി. പ്രധാനമന്ത്രി മോദി പൗരന്മാരിൽ ദേശസ്‌നേഹം ഉണർത്തി. ഇന്ത്യ ആഗോള ഭൂപടത്തിൽ ഇടംപിടിച്ചു’ എന്ന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് രോഹിത് തിലക് പറഞ്ഞു.
മഹാരാഷ്‌ട്ര ഗവർണർ രമേഷ് ബായിസ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെയും അതിഥിയായി എത്തും. ഹിന്ദ് സ്വരാജ് സംഘ് എന്നറിയപ്പെട്ടിരുന്ന ട്രസ്റ്റിന്റെ പ്രസിഡന്റ് ദീപക് തിലകാണ് അവാർഡ് സമ്മാനിക്കുക. ഇന്ദിരാഗാന്ധി, അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിംഗ് എന്നിവർക്കും ലോകമാന്യ തിലക് ദേശീയ പുരസ്കാരം നേരത്തെ ലഭിച്ചിട്ടുണ്ട്. എൻസിപി പിളർന്ന് അജിത് പവാർ അടക്കമുള്ള എംഎൽഎമാർ എൻഡിഎയിൽ ചേർന്ന് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ശരദ് പവാറും ഒരുമിച്ച് വേദി പങ്കിടുന്നു എന്ന വാർത്തയും പുറത്തു വരുന്നത്.
















Comments