ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ജോ ബൈഡൻ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ലിത്വനിയയിൽ നടക്കാനിരിക്കുന്ന നാറ്റോ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. നാറ്റോയിൽ യുക്രെയ്‌നിന്റെ സ്ഥാനം, സ്വീഡന്റെ നാറ്റോ അംഗത്വം, എഫ് -16 യുദ്ധവിമാനങ്ങളുടെ വിതരണം എന്നീ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
യുക്രെയ്‌നിന് ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള അമേരിക്കയുടെ നീക്കത്തെ ബ്രിട്ടൻ എതിർത്തിരുന്നു. എന്നാൽ യുക്രെയ്‌നിന് ക്ലസ്റ്റർ ബോംബുകൾ നൽകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ബൈഡൻ വ്യക്തമാക്കി. യുക്രെയ്ൻ ആയുധ ശേഖരണത്തിൽ വന്ന കുറവ് ചൂണ്ടിക്കാട്ടിയാണ് ക്ലസ്റ്റർ ബോംബുകൾ നൽകാൻ അമേരിക്ക തീരുമാനിച്ചത്.
അതേസമയം, റഷ്യയുമായുള്ള യുദ്ധം അവസാനിക്കാതെ യുക്രെയ്‌നിന് നാറ്റോ അംഗത്വം നൽകുന്ന വിഷയം പരിഗണിക്കാനാകില്ലെന്ന് ബൈഡൻ അറിയിച്ചിട്ടുണ്ട്. ഋഷി സുനകുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ബൈഡൻ ചാൾസ് രാജാവുമായും ചർച്ച നടത്തി. നാളെ നടക്കുന്ന സമ്മേളനത്തിനിടയിലും അമേരിക്കൻ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും തമ്മിൽ ചർച്ചകൾ നടത്തും.
Comments