കൊൽക്കത്ത: പശ്ചിമബംഗാളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ന് വോട്ടെണ്ണൽ. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടുകളാകും ആദ്യം എണ്ണുന്നത്. പിന്നീട് ജില്ലാ സമിതികളിലേക്കും ജില്ലാ പരിഷത്തുകളിലേക്കുമുള്ള വോട്ടുകൾ എണ്ണും. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കേന്ദ്രസേനയുടെ വിന്യാസം ഉണ്ടായിരിക്കും. സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും വോട്ടെണ്ണുന്നത്. ഇന്നലെ നടന്ന 73,887 സീറ്റുകളിൽ 5.67 കോടി ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിറവേറ്റി. 2.06 ലക്ഷം സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപക സംഘർഷങ്ങൾ നടന്നിരുന്നു. ബാലറ്റുപ്പെട്ടി നശിപ്പിക്കുക, കൊള്ളയടിക്കപ്പെടുക, ബൂത്ത് പിടിച്ചെടുക്കുക തുടങ്ങി നിരവധി ക്രമസമാധാന പ്രശ്‌നങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിൽ 19-ലധികം പേരുടെ ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് തിരുമാനിച്ചത്. സംഘർഷം നടന്നതിനെ തുടർന്ന് അഞ്ചു ജില്ലകളിലെ 696 ബൂത്തുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഉപതിരഞ്ഞെടുപ്പ് ശാന്തമായി നടന്നു എന്നാണ് വിലയിരുത്തുന്നത്. എന്നാൽ ചെറിയ തരത്തിലുള്ള സംഘർഷങ്ങൾ ഉപതിരഞ്ഞെടുപ്പിലും നടന്നിരുന്നു. കേന്ദ്രസേനയുടെ സാന്നിധ്യം ഇത്തരം സംഘർഷങ്ങളെ അടിച്ചമർത്താൻ സാഹായിച്ചു. അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മമത സർക്കാരിന്റെ ജനഹിതം പരീക്ഷക്കപ്പെടുമെന്നതാണ് തിരഞ്ഞെടുപ്പ് അട്ടിമറയ്‌ക്കാനുള്ള കാരണം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് സംഘർഷമെന്ന് ബിജെപി ആരോപിച്ചു.
അതേസമയം, സംഘർഷ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ന്യൂഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംഘർഷ സ്ഥിതി വിവരിക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു.സംസ്ഥാനത്ത് നടന്നത് സമാനതകളില്ലാത്ത സംഘർഷമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
















Comments