പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ തയാറാക്കിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി. കൊച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നുമാണ് അന്വേഷണ സംഘം പ്രിന്റ് കണ്ടെത്തിയത്. അട്ടപ്പാടി ഗവ. കോളജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് വേണ്ടിയാണ് ഇത് തയ്യാറാക്കിയത്. ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈൻഡിങ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണ് നിർമ്മിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്റർനെറ്റ് കഫേയുടെ ഉടമയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ജില്ലാ പോലീസിലെ സൈബർ വിദഗ്ധന്റെ സഹായത്തോടെയായിരുന്നു പരിശോധന. 2 വ്യാജ സർട്ടിഫിക്കറ്റുകളാണ് വിദ്യ അട്ടപ്പാടി കോളജിൽ ഹാജരാക്കിയതെന്ന് പോലീസ് പറഞ്ഞു. മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ച് സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്ന് വിദ്യ പോലീസിനു മൊഴി നൽകിയിരുന്നു. ഫോണിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും വിദ്യ അന്വേഷണസംഘത്തോടു പറഞ്ഞിരുന്നു.
വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവ് ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാൽ മറ്റു വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതോടെയാണ് വിവരങ്ങൾ വീണ്ടെടുക്കാൻ അഗളി പോലീസ് ശ്രമിച്ചത്. കാസർകോട് കരിന്തളം ഗവ. കോളജിൽ ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റ് തൃക്കരിപ്പൂരിലെ ഒരു അക്ഷയകേന്ദ്രത്തിൽനിന്ന് പ്രിന്റ് എടുത്തതാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
















Comments