ഡൊമിനിക്ക: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം വൈകീട്ട് ഏഴരയ്‌ക്ക് ഡൊമിനിക്കയിലെ വിൻസർ പാർക്കിൽ ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പരാജയത്തിന് ശേഷമുള്ള പരമ്പരയായതിനാൽ ഇന്ത്യയ്‌ക്ക് വിജയം അനിവാര്യമാണ്. ഇന്ത്യയിൽ ടിവിയിൽ ഡിഡി സ്‌പോർട്‌സിലും ലൈവ് സ്ട്രീമിംഗിൽ ജിയോ സിനിമയിലും ഫാൻകോഡ് ആപ്പിലും മത്സരം തത്സമയം കാണാം.
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടാത്തതിലുള്ള നിരാശയിലാണ് വെസ്റ്റ് ഇൻഡീസ്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് വിൻഡീസ് അയോഗ്യരാകുന്നത്. 21 വർഷത്തിനിടെ ഒരിക്കൽപോലും വിൻഡീസിനെതിരെ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. പരമ്പരാഗതമായി പേസ് ബൗളർമാരെ തുണയ്‌ക്കുന്നതാണ് വിൻഡ്സർ പാർക്കിലെ പിച്ചിന്റെ സ്വഭാവം. ആദ്യ മൂന്ന് ദിനവും പേസർമാർക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചിൽ അവസാന രണ്ട് ദിനം സ്പിന്നർമാർക്കും സഹായം ലഭിക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
രോഹിത്തിനൊപ്പം ഓപ്പണറായി യുവതാരം യശസ്വി ജയ്‌സാൾ ഇറങ്ങുമ്പോൾ നിലവിലെ ഓപ്പണറായ ശുബ്മാൻ ഗിൽ മൂന്നാം നമ്പറിൽ കളിക്കുമെന്നാണ് ഇന്ത്യൻ നായകൻ വ്യക്തമാക്കിയത്.വിരാട് കോഹ്ലി, അജിങ്ക്യാ രഹാനെ എന്നിവരിലാണ് മധ്യനിരയിലെ ഇന്ത്യൻ പ്രതീക്ഷ. മൂന്നാം പേസർ സ്ഥാനത്തിനായി നവ്ദീപ് സൈനിയും ജയദേവ് ഉനദ്കട്ടുമാണ് മത്സരിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും വെസ്റ്റ്ഇൻഡീസിനെതിരെ മികച്ച റെക്കോർഡുള്ള രവിചന്ദ്രൻ അശ്വിനും ഇന്ന് അവസരമുണ്ടാകും. വിൻഡീസിനെതിരെ 11 ടെസ്റ്റിൽ നിന്ന് 60 വിക്കറ്റും4 സെഞ്ച്വറിയും അശ്വിന്റെ പേരിലുണ്ട്.
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര 2-0ന് തോറ്റതിന്റെ പശ്ചാത്തലത്തിലാണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ആദ്യ ടെസ്റ്റിൽ 87 റൺസിന് വിൻഡീസ് വീണപ്പോൾ, രണ്ടാമത്തേതിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ വിജയം 284 റൺസിനായിരുന്നു. 260-ലധികം ടെസ്റ്റ് വിക്കറ്റുകൾ നേടിയ കെമർ റോച്ച് നിലവിലെ വെസ്റ്റ് ഇന്ത്യൻ താരങ്ങളുടെ ഇതിഹാസമാണ്. ക്രെയ്ക് ബ്രാത് വെയ്റ്റ് നയിക്കുന്ന ടീമിൽ താരത്തെ കൂടാതെ, ജെർമെയ്ൻ ബ്ലാക്ക്വുഡ്, കെമർ റോച്ച്, അൽസാരി ജോസഫ്, ജേസൺ ഹോൾഡർ എന്നിവരെയാണ് വെസ്റ്റ് ഇൻഡീസ് നിരയിൽ സൂക്ഷിക്കേണ്ടത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം സീസണിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാനം കളിച്ച നാല് മത്സരങ്ങളിൽ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടു. കഴിഞ്ഞ രണ്ടുതവണയും റണ്ണറപ്പുകളായ ഇന്ത്യ ഇത്തവണ വിൻഡീസ് പരമ്പര തൂത്തുവാരി പുതിയ സീസണിലേക്കുള്ള വരവറിയിക്കാമെന്ന പ്രതീക്ഷയിലാണ്. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിൽ ചേതേശ്വർ പുജാരയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. യുവതാരങ്ങളായി യശ്വസി ജയ്സ്വാളും റുതുരാജ് ഗെയ്ക്വാദും മുകേഷ് കുമാറുമെല്ലാം ടീമിലുണ്ട്. പുതിയ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെ ടീമിലെത്തും എന്നതാണ് സവിശേഷത.
Comments