വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനായി ഇന്ന് ഇന്ത്യ കളത്തിലിറങ്ങുമ്പോൾ, കോഹ്ലിയെ കാത്തിരിക്കുന്നത് അപൂർവ്വനേട്ടം. അതിന് പക്ഷേ എതിർ ടീമിലെ ഒരുതാരം കളികളത്തിലിറങ്ങേണ്ടി വരും.ടെസ്റ്റ് ക്രിക്കറ്റിൽ അച്ഛനും മകനുമെതിരെ കളിച്ച താരങ്ങളുടെ പട്ടികയിൽ ഇതോടെ വിരാട് കോഹ്ലി ഭാഗമാകും. സംഭവം ഇങ്ങനെ,
മുൻ ക്രിക്കറ്റർ ശിവനരെയ്ൻ ചന്ദർപോളിന്റെ മകൻ ടാഗ്‌നരെയ്ൻ ചന്ദർപോൾ ഇന്ന് കളത്തിലിറങ്ങിയാൽ അച്ഛനും മകനുമെതിരെ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് വിരാട് കോഹ്ലിക്ക് വരിക. 2011 ലെ വിൻഡീസ് പര്യടനത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്ലി ശിവനരെയ്ൻ ചന്ദർപോളിനെതിരെ കളിച്ചിരുന്നു. കോഹ്ലിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത് സച്ചിൻ തെൻഡുൽക്കറാണ്. 1992ൽ ഓസ്‌ട്രേലിയൻ താരം ജെഫ് മാർഷിനെതിരെയും 2012ൽ മകൻ ഷോൺ മാർഷിനെതിരെയുമാണ് സച്ചിൻ കളിച്ചത്.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ച താരമാണ് മുൻ ക്രിക്കറ്റർ ശിവനരെയ്ൻ ചന്ദർപോളിന്റെ മകൻ ടാഗ്‌നരെയ്ൻ ചന്ദർപോൾ. അച്ഛന്റെ പാത പിന്തുടർന്ന് ദേശീയ ടീമിൽ കളിക്കുകയാണ് യുവതാരം. കരീബിയൻ സംഘത്തിന്റെ പ്രതീക്ഷകളിൽ ഒരാളായ ഇരുപത്തിയേഴുകാരൻ ടാഗനറൈൻ ചന്ദർപോൾ , ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്റെ ഓപ്പണിംഗ് പങ്കാളിയാകും.
















Comments