സബ്‌സിഡിയ്‌ക്ക് അർഹതയുള്ള ഗുണഭോക്താക്കളുടെ എണ്ണം ഉയർത്താൻ കേന്ദ്ര സർക്കാർ. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സബ്‌സിഡിയ്‌ക്ക് അർഹതയുള്ള ഗുണഭോക്താക്കളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് ഉയർത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
ഫാസ്റ്റർ അഡോപ്ഷൻ ആന്റ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് സ്‌കീം രണ്ടാം ഘട്ടം പ്രകാരം 5.64 ലക്ഷം വൈദ്യുത സ്‌കൂട്ടറുകൾക്ക് സബ്‌സിഡി നൽകാനാണ് കേന്ദ്രം ആദ്യം തീരുമാനിച്ചിരുന്നത്. ഈ വർഷം അഞ്ച് ലക്ഷം ഇ-സ്‌കൂട്ടറുകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. ഇതോടെ ആനുകൂല്യം ലഭിക്കുന്ന ആകെ വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷം കടക്കും. പദ്ധതിയ്‌ക്കായി 3,500 കോടി രൂപയാണ് കേന്ദ്രം നൽകിയിരിക്കുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിൽപനയിൽ വൻ മുന്നേറ്റമാണ് കണ്ടുവരുന്നത്. മുൻ വർഷത്തേക്കാൾ മൂന്ന് മടങ്ങ് വർദ്ധനയോടെ 7.27 ലക്ഷം ഇ-സ്‌കൂട്ടറുകളാണ് 2022-23 വർഷത്തിൽ വിറ്റഴിഞ്ഞത്. ഇവയിൽ 40 ശതമാനം സ്‌കൂട്ടറുകൾക്കാണ് സബ്‌സിഡി ലഭിച്ചത്.
















Comments