ലോകപ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. എഴുത്തിലൂടെ പോരാട്ടം നടത്തിയ സാഹിത്യ പ്രതിഭയായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പാരീസിൽ വച്ച് 94-ാം വയസിലായിരുന്നു അന്ത്യം.
1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ലോവാക്യയിലായിരുന്നു ജനനം. എന്നാൽ അദ്ദേഹത്തിന്‌റെ എഴുത്തുകളിലെ രാഷ്‌ട്രീയത്തോട് മാതൃരാജ്യം വിയോജിച്ചിരുന്നു. തുടർന്ന് കമ്യൂണിസ്റ്റ് ഭരണകാലത്ത് കുന്ദേരയ്‌ക്ക് ചെക്ക് പൗരത്വവും നിഷേധിക്കപ്പെട്ടു. 1979ലാണ് കുന്ദേരയുടെ പൗരത്വം റദ്ദാക്കിയത്. എഴുത്തിലൂടെ അദ്ദേഹം അവതരിപ്പിച്ച നിലപാടുകളാണ് അന്നത്തെ കമ്യൂണിസ്റ്റ് സർക്കാരിനെ ചൊടിപ്പിച്ചത്. തുടർന്ന് കുന്ദേരയ്‌ക്ക് അഭയം നൽകിയത് ഫ്രാൻസായിരുന്നു.
1975 മുതൽ തന്നെ ഫ്രാൻസിലാണ് കുന്ദേര ജീവിച്ചിരുന്നത്. തുടർന്ന് 1981ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിന് പൗരത്വം നൽകി. ഒടുവിൽ നീണ്ട വർഷങ്ങൾക്കിപ്പുറം 2019ലാണ് ചെക്ക് സർക്കാർ അദ്ദേഹത്തിന് പൗരത്വം തിരികെ കൊടുത്തത്.
‘ദി അൺബിയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിങ്’ ആണ് കുന്ദേരയുടെ പ്രധാന കൃതി. സാഹിത്യത്തിലൂടെ മനുഷ്യബന്ധങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച കുന്ദേരയുടെ എഴുത്തിലെ ശൈലി ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടു. ചെക്ക്, ഫ്രഞ്ച് ഭാഷകളിലായിരുന്നു അദ്ദേഹം പ്രധാനമായും എഴുതിയിരുന്നത്. ‘ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസാണ്’ കുന്ദേരയുടേതായി അവസാനം പുറത്തിറങ്ങിയ കൃതി. അദ്ദേഹത്തിന്‌റെ പുസ്തകങ്ങൾ പലതും മലയാളത്തിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദി അൺബിയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിങ് എന്ന ലോക പ്രശസ്ത പുസ്തകം ‘ഉയരടയാളങ്ങൾ’ എന്ന പേരിലാണ് മലയാളത്തിൽ പുറത്തിറങ്ങിയത്.
















Comments