ബീജിംഗ്: ദക്ഷിണ ചൈനയിലെ ഗ്വാഗ്‌ഡോംഗിൽ ജീവനുള്ള പാമ്പുകളെ കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ഇവരുടെ പക്കൽ നിന്ന് അഞ്ച് പാമ്പുകളെയാണ് പിടികൂടിയത്. ഷെൻഷെൻ കസ്റ്റംസ് ഫ്യൂഷ്യൻ തുറമുഖാതിർത്തിയിൽ വെച്ചായിരുന്നു യുവതി പിടിയിലായത്. വസ്ത്രത്തിനുളളിൽ ഒളിപ്പിച്ച നിലയിലാണ് പാമ്പിനെ കടത്താൻ ശ്രമിച്ചത്.
കോൺ സ്‌നേക്‌സ് എന്ന ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് കടത്താൻ ശ്രമിച്ചത്. തുറമുഖത്ത് കസ്റ്റംസ് നടത്താറുള്ള പതിവ് പരിശോധനയ്‌ക്കിടെ ആയിരുന്നു യുവതി ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ അസാധാരണമായ പെരുമാറ്റം കണ്ട് സംശയം തോന്നിയ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്.
സുരക്ഷിതമായി പൊതിഞ്ഞ്, നെഞ്ചിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുകളെ കണ്ടെത്തിയത്. പാന്തെറോഫിസ് ഗുട്ടാറ്റസ് എന്നറിയപ്പെടുന്ന ഈ പാമ്പുകൾ, സാധാരണയായി റെഡ് റാറ്റ് സ്‌നേക്ക്, കോൺ സ്‌നേക്ക് എന്നിങ്ങനെയും അറിയപ്പെടാറുണ്ട്. പൊതുവെ വിഷമില്ലാത്ത പാമ്പുകളാണ് ഇവ.
സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിക്കെതിരെ നടപടിയെടുക്കുകയും ഇവരിൽ നിന്നും പിടിച്ചെടുത്ത പാമ്പുകളെ അധികാരികൾക്ക് കൈമാറുകയും ചെയ്തു. യുവതിയെകുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. കള്ളക്കടത്ത് സംഘവുമായി ഇവർക്ക് ബന്ധമുള്ളതായി സംശയമുണ്ട്.
Comments