മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷപരിപാടികൾ ഓഗസ്റ്റ് മുന്നിന് ആരംഭിക്കും. ഗായിക കെ.എസ്. ചിത്ര, ശ്രീകുമാരൻ തമ്പി, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത സംഗീത ബാൻഡ് മസാല കോഫി, ടെലിവിഷൻ അവതാരകരായ രാജ്കലേഷ്, മാത്തുക്കുട്ടി, സംഗീതോപകരണ വാദകരായ സുബാഷ് ചേർത്തല, ശ്രീകുമാർ കലാഭവൻ, പി.എസ്. നരേന്ദ്രൻ, പിന്നണി ഗായകരായ കല്ലറ ഗോപൻ, എസ്.പി. ദേവാനന്ദ്, ദേവിക വി. നായർ, രേഷ്മ രാഘവേന്ദ്ര, നിഷാദ്, യാസിൻ, വേദ മിത്ര, പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി, നാടൻ പുലികളിയുടെ പ്രശസ്തി പേറുന്ന തൃശൂരിൽനിന്നുള്ള പത്തോളം പുലിക്കളി കലാകാരന്മാർ തുടങ്ങിയവർ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഓണാഘോഷപരിപാടികൾ സെപ്റ്റംബർ അവസാനം സമാപിക്കും.
വടംവലി, കബഡി, അത്തപൂക്കളം, പായസം, തിരുവാതിര, ഒപ്പന,സിനിമാറ്റിക് ഡാൻസ്, ഓണപ്പുടവ, പരമ്പരാഗത ഇന്ത്യൻ വേഷം, ഓണപ്പാട്ട് 100-ൽ അധികം പേർ പങ്കെടുക്കുന്ന തൃശൂരിന്റെ തനതു പുലിക്കളി, നൂറ്റിയൻപതോളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുക്കുന്ന കൈകൊട്ടിക്കളി, നൂറിൽ അധികം കലാകാരന്മാരുമായി ഇന്ത്യയുടെ വൈവിധ്യ സംസ്കാരം വിളിച്ചോതുന്ന ചുവടുകളുമായി എത്തുന്ന ‘രംഗ്’, കളേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്ത രൂപം എന്നിവ അരങ്ങേറും.
കുട്ടികൾക്കായി നാടൻകളികളും, സദ്യയും, കളിചിരികളുമായി എത്തുന്ന പിള്ളേരോണം, കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന ബഹ്റൈനിലെ പ്രവാസി സംഘടനകളും സമാജത്തിലെ സബ്കമ്മിറ്റികളും പങ്കെടുക്കുന്ന മെഗാ ഘോഷയാത്ര, കേരളത്തിന്റെ രുചിപ്പെരുമകൾ നിറയുന്ന മഹാരുചിമേള, സമാജം മലയാളം പാഠശാല അവതരിപ്പിക്കുന്ന ഓണനിലാവ്, ബഹ്റൈൻ പ്രതിഭ അവതരിപ്പിക്കുന്ന ഓണം സാംസ്കാരിക രാവ്, സഹൃദയ നാടൻ പാട്ടു സംഘം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ എന്നീ പരിപാടികളും നടക്കും.














Comments