തൃശൂർ: 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ ഡോക്ടർക്ക് സസ്പെൻഷൻ. മുളങ്കുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഷെറി ഐസക്കിനെയാണ് സസ്പെൻഡ് ചെയ്തത്. പാലക്കാട് സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലൻസ് നടപടി.
കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്തുന്നതിന് ഷെറി കൈക്കൂലി ആവശ്യപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ഭർത്താവിനോട് ഇയാൾ കൈക്കൂലി ചോദിക്കുകയായിരുന്നു. സർജറിയുടെ ദിവസം അറിയിക്കുന്നതിന് പ്രാക്ടീസ് നടത്തുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ 3000 രൂപ എത്തിക്കാനായിരുന്നു ഷെറി ആവശ്യപ്പെട്ടത്. തുടർന്ന് ഭർത്താവ് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് ഡോക്ടർക്ക് നൽകാൻ വിജിലൻസ് പരാതിക്കാരന് കൊടുത്തയച്ചു. കൈക്കൂലി വാങ്ങുന്ന നേരം വിജിലൻസ് ഷെറി ഐസക്കിനെ പിടികൂടുകയായിരുന്നു. അറസ്റ്റിന് ശേഷം വിജിലൻസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തിന്റെ നോട്ടുകെട്ടുകൾ കണ്ടെടുത്തു. കൊച്ചിയിലെ വീട്ടിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപയും കണ്ടെത്തിയിരുന്നു.
Comments