എറണാകുളം: അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ പിഎഫ്‌ഐ മതഭീകരവാദികൾക്കുള്ള ശിക്ഷാവിധി ഇന്ന്. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയ്‌ക്ക് കൊച്ചി പ്രത്യേക എൻഐഎ കോടതിയാകും വിധി പറയുക. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്കുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുക. കേസിലെ രണ്ടാം ഘട്ട വിചാരണയിൽ ഉൾപ്പെട്ട 11 പേരിൽ ആറ് പേർ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി കണ്ടെത്തിയിരുന്നു.
നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) കുറ്റങ്ങൾ തെളിഞ്ഞ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാം.യുഎപിഎ ഇല്ലാതെ 202, 212 വകുപ്പുകൾ മാത്രം നിലനിൽക്കുന്ന 9, 11, 12 പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്ക് ജാമ്യത്തിൽ തുടരാമെങ്കിലും ഇന്ന് കോടതിയിൽ ഹാജരാകണം. ശിക്ഷ പരമാവധി കുറയ്‌ക്കണമെന്ന് പ്രതികൾ വാദിച്ചപ്പോൾ മതഭീകരവാദം നടത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു. ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
2021 ജൂലൈയിലായിരുന്നു രണ്ടാം ഘട്ട വിചാരണ ആരംഭിച്ചത്. 2015-ന് ശേഷം അറസ്റ്റിലായവരിൽ ആറ് പേരെയാണ് ഇപ്പോൾ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിൽ തുടരുകയാണ്.സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് കൈവെട്ട് കേസിലെ രണ്ടാം ഘട്ടത്തിൽ വിധി പറയുന്നത്. ചോദ്യക്കടലാസിൽ പ്രവാചകനെ അവഹേളിക്കുന്നരീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് 2010 ജൂലൈ നാലിനാണ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിയത്.
















Comments