തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാലുവയസുകാരിയെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ അക്രമിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. അതിനിടെയാണ് അക്രമിച്ച നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
കുട്ടിയുടെ കഴുത്തിലും കണ്ണിലും ചുണ്ടിലും നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കകം നായ ചത്തുപോകുകയും യാതൊരു പരിശോധനയ്‌ക്കും വിധേയമാക്കാതെ നായയെ കുഴിച്ചുമൂടുകയുമായിരുന്നു. ഇതിനെതിരെ നാട്ടുകാർ വലിയ തോതിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവ. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ നായയുടെ ശവം പുറത്തെടുത്ത് സാമ്പിളുകൾ പാലോട് ചീഫ് ഡീസസ് ഇൻവെസ്റ്റിഗേഷൻ സെന്ററിലേക്ക് പരിശോധനയ്‌ക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധന ഫലം പുറത്തുവന്നത്.
നായയുടെ ആക്രമണത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചവരുൾപ്പെടെ കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പത്തോളം പേർക്ക് വാക്‌സിനേഷൻ നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടി ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
















Comments