ന്യൂഡൽഹി : ധാതുഖനനത്തിന് വഴിയൊരുക്കുന്ന മൈൻസ് ആൻഡ് മിനറൽസ് നിയമത്തിലെ 1957-ലെ ഭേദഗതികൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ .ലിഥിയം, ബെറിലിയം, നിയോബിയം, ടാന്റലം, ടൈറ്റാനിയം, എന്നീ ആറ് നിർണായക ധാതുക്കളുടെ വാണിജ്യ ഖനനത്തിന് വഴിയൊരുക്കുന്നതാണ് പുതിയ തീരുമാനം . സ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയ ധാതുക്കളും ഇതിൽ ഉൾപ്പെടും.
നിലവിൽ, ഈ നിർണായക ധാതുക്കളുടെ പര്യവേക്ഷണ, ഖനന പ്രവർത്തനങ്ങളിൽ സർക്കാർ ഏജൻസികളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. സ്വകാര്യ ഏജൻസികൾക്ക് ഇതിനു അനുമതി ഉണ്ടായിരുന്നില്ല .
ഈ ധാതുക്കൾ എല്ലാ ആധുനിക സാങ്കേതികവിദ്യകളുടെയും പ്രധാന ഘടകങ്ങളാണ്. മൊബൈൽ ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, സോളാർ പാനലുകൾ, അർദ്ധചാലകങ്ങൾ, കാറ്റാടി യന്ത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ഇത്തരം ധാതുക്കൾ നിർണ്ണായകമാണ് . ഈ വർഷം ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം കണ്ടെത്തി. പുതിയ നയം നിലവിൽ വരുന്നതോടെ ഇന്ത്യയിൽ സാമ്പത്തിക കുതിപ്പാകും ഉണ്ടാകുക. കശ്മീരിൽ കണ്ടെത്തിയ ലിഥിയം ഖനനത്തിന് ഇന്ത്യയ്‌ക്ക് സാധിച്ചാൽ തീർച്ചയായും ഇന്ത്യൻ വിപണിയുടെ തലവര തന്നെ മാറ്റും.
പാർലമെന്റ് അംഗീകരിച്ചുകഴിഞ്ഞാൽ, ലേലത്തിലൂടെ കമ്പനികൾക്ക് ഒരൊറ്റ പര്യവേക്ഷണ ലൈസൻസ് നൽകാനും സർക്കാരിനെ അനുവദിക്കുന്നതാണ് ഭേദഗതികൾ. ഈ തീരുമാനം സ്വകാര്യ കമ്പനികൾക്ക്, പ്രത്യേകിച്ച് പര്യവേക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജൂനിയർ മൈനിംഗ് കമ്പനികൾക്ക് വലിയ പ്രോത്സാഹനമാകുമെന്നും പ്രതീക്ഷിക്കുന്നു.
നിയമത്തിൽ പര്യവേക്ഷണ ലൈസൻസിന്റെ വ്യവസ്ഥ ഉൾപ്പെടുത്താനാണ് ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. ലേലത്തിലൂടെയാകും ഇത് അനുവദിക്കുക. കമ്പനികൾക്ക് അവർ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലകൾ നിർദ്ദേശിക്കാൻ അനുവദിക്കും . ബ്ലോക്കുകളോ ഖനികളോ ലേലത്തിന് എടുക്കണമെന്ന് സർക്കാർ നിർവചിക്കുന്ന പതിവ് സമ്പ്രദായത്തിൽ നിന്നുള്ള വ്യതിചലനമാണിത്.
നിയമത്തിന്റെ പുതിയ ഷെഡ്യൂളിൽ വ്യക്തമാക്കുന്ന ആഴത്തിലുള്ളതും നിർണായകവുമായ ധാതുക്കൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി . ഇറക്കുമതി വഴിയാണ് ഇന്ത്യ ലിഥിയം ആവശ്യകതയുടെ 70 ശതമാനവും നിലവിൽ നിറവേറ്റുന്നത്.
ഭേദഗതി ഈ ധാതുക്കളെ ആറ്റോമിക് ധാതുക്കളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും നിരീക്ഷണം മുതൽ പ്രാരംഭ പ്രവർത്തനങ്ങൾ വരെ പര്യവേക്ഷണം നടത്തുന്നതിനും, ലേലം ചെയ്യാനും കേന്ദ്ര സർക്കാരിനെ അനുവദിക്കുകയും ചെയ്യുന്നു. ലിഥിയം ഇറക്കുമതിയുടെ 70 ശതമാനത്തിനും 90 ശതമാനത്തിലധികം ലിഥിയം അയോണിനും ഇന്ത്യ ചൈനയെയും ഹോങ്കോങ്ങിനെയും ആശ്രയിക്കുന്നു. അർജന്റീന, ചിലി, ബൊളീവിയ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ഉത്പാദകരാണ് ഓസ്‌ട്രേലിയ.
ഇന്ത്യയുടെ തലവര തന്നെ മാറ്റാനുതകുന്നതാണ് വെള്ള സ്വർണ്ണം എന്ന് വിളിക്കപ്പെടുന്ന ലിഥിയം ശേഖരം . ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഈ പ്രഖ്യാപനത്തോടെ ഏറ്റവുമധികം ലിഥിയം കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. നിലവിൽ ലിഥിയം സംസ്കരിക്കുന്നതും ബാറ്ററിയാക്കുന്നതും ചൈനയുടെ കുത്തകയാണ്. 2030 ആകുമ്പോഴേക്കും മൊത്തം വാഹനങ്ങളില്‍ 30 ശതമാനത്തോളം ഇലക്ട്രിക് ആയിരിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഇന്ത്യയ്‌ക്ക് കിട്ടിയ സൗഭാഗ്യമാണ് ലിഥിയം നിക്ഷേപം.
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹനവിപണി എന്ന നിലയില്‍ രാജ്യത്തെ ലിഥിയം നിക്ഷേപത്തിന് വലിയ പ്രാധാന്യമാണുള്ളത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ധാതുക്കളില്‍ ഒന്നാണ് ലിഥിയം.ബൊളീവിയയിൽ നിന്നും ലിഥിയം ഉൽപാദിപ്പിക്കാനുള്ള കരാർ ഈ അടുത്ത് ചൈന ഒപ്പുവെച്ചിരുന്നു. ഇന്ത്യയുടെ ലിഥിയം ആവശ്യങ്ങള്‍ ഇതുവരെ നിര്‍വഹിക്കപ്പെട്ടിരുന്നത് ഇറക്കുമതി വഴിയാണ്. രാജ്യം ഉൽപ്പാദനം തുടങ്ങിയാൽ തീർച്ചയായും ചൈനയുമായി വലിയൊരു മൽസരത്തിന് തന്നെ ഇടയാകും.
















Comments