ന്യൂഡൽഹി: മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ന്റെ വിക്ഷേപണത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ, വിക്ഷേപണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അസമിന്റെ സ്വന്തം ചയാൻ ദത്തയിലാണ് എല്ലാ കണ്ണുകളും.ഈ ദൗത്യത്തിന്റെ വിജയകരമായ നിർവ്വഹണം ചയാൻ ദത്തയ്‌ക്കും മുഴുവൻ ശാസ്ത്ര സമൂഹത്തിനും ഒരു സുപ്രധാന നേട്ടമാണ് .
തേസ്പൂർ യൂണിവേഴ്‌സിറ്റിയുടെ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിലെ പൂർവ്വ വിദ്യാർത്ഥിയായ ചയാൻ ദത്ത നിലവിൽ ബഹിരാകാശ വകുപ്പിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ സയന്റിസ്റ്റ്/എൻജിനീയർ-ജി ആയി സേവനമനുഷ്ഠിക്കുന്നു. “ഓൺ ബോർഡ് കമാൻഡ് ടെലിമെട്രി, ഡാറ്റ ഹാൻഡ്‌ലിംഗ് & സ്റ്റോറേജ് സിസ്റ്റം, ലാൻഡർ, ചന്ദ്രയാൻ -3” എന്നിവയ്‌ക്ക് നേതൃത്വം നൽകുന്ന അദ്ദേഹം ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറുടെ സ്ഥാനവും വഹിക്കുന്നു.
ഓർബിറ്ററിന്റെ സെൻട്രൽ കൺട്രോൾ യൂണിറ്റായി വർത്തിക്കുകയും എല്ലാ ബഹിരാകാശ പേടക പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സുപ്രധാന കമാൻഡ്, ഡാറ്റ ഹാൻഡ്‌ലിംഗ് സബ്സിസ്റ്റത്തിന്റെ മേൽനോട്ടവും അദ്ദേഹം വഹിക്കുന്നു.
“ഈ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടതിൽ ഞാൻ അഗാധമായ ബഹുമാനവും വിനയവും രേഖപ്പെടുത്തുന്നു. ഈ ദൗത്യം നമ്മുടെ രാജ്യത്തിനും ആഗോള ശാസ്ത്ര സമൂഹത്തിനും ഒരു സുപ്രധാന നാഴികക്കല്ലാണ്.“ ചന്ദ്രയാൻ ദൗത്യത്തെ പറ്റി അദ്ദേഹം പറഞ്ഞു .2019 സെപ്റ്റംബറിൽ സോഫ്റ്റ്‌വെയർ തകരാർ മൂലം നിർഭാഗ്യകരമായ ക്രാഷ് ലാൻഡിംഗ് നേരിട്ട ചന്ദ്രയാൻ -2 ദൗത്യത്തിന്റെ തുടർച്ചയാണ് ചന്ദ്രയാൻ -3.
മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ചന്ദ്രയാൻ -3 ന് “പരാജയം അടിസ്ഥാനമാക്കിയുള്ള ഡിസൈൻ” സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സാധ്യമായ പരാജയങ്ങൾ തിരിച്ചറിയുകയും അവയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുകയും വിജയകരമായ ലാൻഡിംഗ് ഉറപ്പാക്കുകയും ചെയ്യുക എന്നതിലാണ് ശ്രദ്ധ.
നാളെ ഉച്ചയ്‌ക്ക് 2.35നു രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണു ചന്ദ്രയാൻ 3 ദൗത്യം കുതിച്ചുയരുക.
പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും കൃത്യമാണെന്ന് ഒരിക്കൽ കൂടി പരിശോധിച്ച് ദൗത്യ ഒരുക്കങ്ങളുടെ അവലോകനം നടത്തുന്ന മിഷൻ റെഡിനസ് റിവ്യൂ (എംആർആർ) പൂർത്തിയാക്കിയ ശേഷം ഇസ്റോ ചെയർമാനും ഇസ്റോയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഡയറക്ടർമാരും ഉൾപ്പെടുന്ന വിക്ഷേപണ അംഗീകാര ബോർഡ് (ലോഞ്ച് ഓതറൈസേഷൻ ബോർഡ്) വിക്ഷേപണത്തിന് അനുമതി നൽകിയിരുന്നു.
ദൗത്യത്തിന് മുന്നോടിയായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞർ തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ചന്ദ്രയാൻ 3 ന്റെ ചെറു രൂപവുമായി പ്രാർഥന നടത്തി.
















Comments