ഇസ്ലാമാബാദ്: എല്ലാവരുടെയും ജന്മദിനം ഒരു ദിവസം ആയതിനാൽ ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഒരു കുടുംബം. ഓഗസ്റ്റ് ഒന്നിന് ജന്മദിനം ആഘോഷിക്കുന്ന ഒമ്പത് പേരടങ്ങുന്ന കുടുംബമാണ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. പാകിസ്താനിലെ ലാർക്കാന സ്വദേശി ആമിർ അലിയുടെ കുടുംബത്തിലെ 9 പേരാണ് ജന്മദിന തീയതി കൊണ്ട് റെക്കോർഡ് നേടിയത്. ഈ വിവരം പങ്കുവെച്ചിരിക്കുന്നത് ഗിന്നസ് വേൾഡ് റെക്കോഡിന്റെ ഔദ്യോഗിക പേജിൽ തന്നെയാണ്. കുടുംബത്തിന്റെ ചിത്രവും സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
ലാർക്കാന സ്വദേശിയായ ആമിർ അലിയ്‌ക്ക് ഭാര്യയ്‌ക്കും ഏഴ് മക്കളുമാണുള്ളത്. ഇവരുടെ ഏഴ് കുട്ടികളിൽ നാല് പേർ ഇരട്ടകളാണ്. 19നും 30നും ഇടയിൽ പ്രായമുള്ള ഈ മക്കളുടെയും ഇവരുടെ മാതാപിതാക്കളുടെയും ജന്മദിനം ഓഗസ്റ്റ് ഒന്നിനാണ്. കൂടാതെ, ആമിറിന്റെയും ഭാര്യയുടെയും വിവാഹ വാർഷികവും ഓഗസ്റ്റ് ഒന്നിന് തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത.
അപൂർവ്വത്തിൽ അപൂർവ്വമായ നേട്ടത്തിനാണ് കുടുംബം അർഹമായിരിക്കുന്നത്. കുടുംബത്തിലെ ഒൻപത് പേർ ഒരേ തീയതിയിൽ ജനിച്ചുവെന്നത് അപൂർവനേട്ടമാണ്. മാത്രവുമല്ല, ഒരേ തീയതിയിൽ ജനിക്കുന്ന ഏറ്റവും കൂടുതൽ സഹോദരങ്ങൾ അടങ്ങുന്ന കുടുംബമെന്ന നേട്ടവും ഇവർ തന്നെയാണ് സ്വന്തമാക്കിയത്.
ഇതിന് മുമ്പ് ഫെബ്രുവരി 20ന് ഒരേ ജന്മദിനം പങ്കിടുന്ന അഞ്ച് കുട്ടികളുമായി അമേരിക്കയിൽ നിന്നുള്ള കമ്മിൻസ് കുടുംബം റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
Comments