‘അമ്മയുടെ വിയോഗമാണ് ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ യുദ്ധം’; മനസ് തുറന്ന് ജാൻവി

Published by
Janam Web Desk

ബോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് ജാൻവി കപൂർ. അമ്മ ശ്രീദേവിയുടെ പാത പിന്തുടർന്നാണ് മകൾ ജാൻവിയും സിനിമയിലേക്ക് ചുവടുവെച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. അഭിനയത്തിന് പുറമേ നൃത്തത്തിലും താരം തന്റെ മികവ് തെളിയിച്ചിരുന്നു. ഇപ്പോഴിതാ ചേച്ചിയുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് അനിയത്തി ഖുഷി കപൂറും.

മകൾ സിനിമാ താരം ആകുക എന്നത് ശ്രീദേവി ഒരിക്കലും ആഗ്രഹിച്ചിരുന്ന കാര്യം ആയിരുന്നില്ല. എന്നാൽ മകളുടെ ഇഷ്ടം മനസിലാക്കിയ താരം പൂർണ്ണ പിന്തുണയായിരുന്നു പിന്നീട് നൽകിയത്. വേണ്ട തയാറെടുപ്പുകളും മാർഗ്ഗ നിർദ്ദേശങ്ങളും എല്ലാം നൽകി ഒപ്പം നിന്ന ശ്രീദേവിയ്‌ക്ക് മകളുടെ അരങ്ങേറ്റം കാണാൻ കഴിഞ്ഞില്ല. ഇതിന് മുന്നേ താരം യാത്രയാകുകയായിരുന്നു.

അമ്മയുടെ മരണം തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധമായിരുന്നുവെന്നാണ് ജാൻവി കപൂർ പറയുന്നത്. 2018-ലാണ് ശ്രീദേവി വിട പറയുന്നത്. ദുബായിലുള്ള ഹോട്ടൽ മുറിയിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ പുതുചിത്രം ബവാലിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ജാൻവി അമ്മയുടെ വിയോഗത്തെ കുറിച്ച് സംസാരിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധം എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് താരം അമ്മയുടെ വിയോഗത്തെ കുറിച്ച് പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ…

‘ തീർച്ചയായും എന്റെ അമ്മയെ നഷ്ടമായത് തന്നെ. ഞാൻ ദഡക്കിന് വേണ്ടി ഷൂട്ട് ചെയ്യുകയായിരുന്നു. അമ്മയുടെ നഷ്ടം നേരിടുക എന്നത് വളരെ കഷ്ടത നിറഞ്ഞതായിരുന്നു. അതോടൊപ്പം ജോലി ചെയ്യാനുള്ള കരുത്തും കണ്ടെത്തണം. ആ സമയത്ത് ഞങ്ങളുടെ ജീവിതത്തിൽ നടന്നു കൊണ്ടിരുന്ന സംഭവങ്ങളൊക്കെ കൈകാര്യം ചെയ്യുക പ്രയാസമായിരുന്നു. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധം” -എന്നായിരുന്നു ജാൻവി പറഞ്ഞത്.

അമ്മ ശ്രീദേവിയുടെ ഓർമ്മദിവസം ജാൻവി കുറിപ്പ് പങ്കുവെച്ചിരുന്നു. ”മമ്മ, ഇന്നും ഞാൻ എല്ലായിടത്തും നിങ്ങളെ തിരയാറുണ്ട്. ഞാൻ ഇന്നും ഓരോ കാര്യങ്ങളും ചെയ്യുന്നത് നിങ്ങൾക്ക് അഭിമാനമാകും എന്നു കരുതിയാണ്. ഞാൻ എവിടെ പോയാലും, എന്ത് ചെയ്താലും അതെല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും നിങ്ങളിലൂടെയാണ്” എന്നാണ് ജാൻവി കപൂർ അമ്മയുടെ ഓർമ്മ ദിവസം കുറിച്ചത്.

Share
Leave a Comment