എറണാകുളം: ജോലി ചെയ്ത വീട്ടിലെ വയോധികന്റെ എടിഎം കാർഡിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത ഹോംനേഴ്‌സ് പിടിയിൽ. പെരുമ്പാവൂർ സ്വദേശിയായ എൺപതുകാരനായ ഉതുപ്പിന്റെ പണമാണ് തട്ടിയെടുത്തത്. തിരുവനന്തപുരം തൊപ്പവിള സ്വദേശിനി ഇന്ദിരാ കുമാരിയാണ് സംഭവത്തിൽ അറസ്റ്റിലായത്.
രണ്ട് വർഷത്തോളമായി ഇന്ദിരാ കുമാരി ഉതുപ്പിന്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. ഉതുപ്പ് എടിഎം കാർഡ് ഉപയോഗിച്ച പല സന്ദർഭങ്ങളിലും ഇന്ദിര ഒപ്പമുണ്ടായിരുന്നു. ഇത്തരത്തിൽ പിൻ നമ്പർ മനസിലാക്കിയ ഇവർ പിന്നീട് കാർഡ് തട്ടിയെടുക്ക് പെരുമ്പാവൂരിലെ വിവിധ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു.
മൊബൈൽ ഫോണിൽ നിരന്തരമായി മെസേജുകൾ വന്നത് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം മനസിലാകുന്നത്. പിന്നീട് ബാങ്കിലും പെരുമ്പാവൂർ പോലീസിലും പരാതികൾ നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പണം പിൻവലിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതായി പെരുമ്പാവൂർ പോലീസ് വ്യക്തമാക്കി.
Comments