ബാങ്കോക്ക്: തായ്‌ലൻഡുമായുള്ള ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ശക്തമായത് 2014-ന് ശേഷമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2014-ന് മുമ്പ് ഇന്ത്യയ്‌ക്ക് കിഴക്ക് നോക്കുക നയവും തായ്‌ലാൻഡിന് പടിഞ്ഞാറ് നോക്കുക എന്ന നയവുമായിരുന്നു. എന്നാൽ അതിന് വ്യത്യാസം വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമാണെന്നും ജയശങ്കർ പറഞ്ഞു. തായ്‌ലൻഡിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആസിയാൻ രാജ്യങ്ങളുമായി ഞങ്ങൾ ഇടപെഴകുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ബന്ധം മാത്രമല്ല. ചരിത്രത്തിൽ നിന്നുള്ളതും ഇന്ത്യയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ദൃഢമായ ബന്ധമാണിത്. കഴിഞ്ഞ 25 വർഷമായി തായ്‌ലൻഡുമായുള്ള ബന്ധം വളർന്നുവരികയാണ്. 2014 -ന് ശേഷം ഞങ്ങളുടെ സഹകരണം വളർന്നു, ഞങ്ങളുടെ പ്രതിരോധവും, സുരക്ഷാബന്ധവും ശക്തമായി. ഞങ്ങളുടെ സാമ്പത്തിക ഇടപെടൽ ഉയർന്നു. മറ്റ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങളിലെ ഒരു പ്രധാന ഓഹരിയുടമയാണ് ഇന്ത്യൻ സമൂഹം. ബന്ധങ്ങളുടെ വളർച്ചയെ അവർ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യ പുതിയ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും അതിവേഗം മുന്നേറുകയും ചെയ്യുന്നുവെന്നും ജയശങ്കർ പറഞ്ഞു.
‘ഇന്ത്യയും തായ്ലൻഡും തമ്മിൽ പ്രതിവർഷം 18 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന വ്യാപാരമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനവും നേതൃത്വവുമാണ് രാജ്യത്തിന്റെ ഉന്നമനത്തിന് കാരണം. അദ്ദേഹം പ്രധാനമന്ത്രിയായത് രാജ്യത്തിന്റെ തന്നെ വലിയ ഭാഗ്യമാണ്. അദ്ദേഹം വളരെ ദീർഘവീക്ഷണവും അടിത്തറയുമുള്ള വ്യക്തിയാണ്’അദ്ദേഹം പറഞ്ഞു.
മെകോംഗ്-ഗംഗ സഹകരണ മെക്കാനിസത്തിന്റെ 12-ാമത് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കർ തായ്ലൻഡിലെത്തിയത്. ജൂലൈ 17-ന് ബാങ്കോക്കിൽ മൾട്ടി-സെക്ടറൽ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ (ബിംസ്റ്റെക്) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
Comments