ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. കറാച്ചിയിലെ 150 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുനീക്കി 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. ഇന്ന് പുലർച്ചെയാണ് സിന്ധിലെ കാഷ്മോറിൽ ഒരു സംഘം അക്രമികൾ “റോക്കറ്റ് ലോഞ്ചറുകൾ” ഉപയോഗിച്ച് ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം കറാച്ചിയിലെ സോൾജിയർ ബസാറിൽ സ്ഥിതിചെയ്യുന്ന 150 വർഷം പഴക്കമുള്ള മാരി മാത ക്ഷേത്രവും പൊളിച്ചു നീക്കിയിരുന്നു.
കാഷ്‌മോറിൽ ഘൗസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ക്ഷേത്രത്തിന് നേരെയും സമീപത്തെ ഹിന്ദുക്കളുടെ വീടുകൾക്ക് നേരെയും അക്രമികൾ വെടിയുതിർത്തു. കാഷ്മോർ-കണ്ഡ്കോട്ട് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഇർഫാൻ സമ്മോയയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയാണ് ആക്രമണം തടഞ്ഞത്. ആക്രമണ സമയത്ത് ക്ഷേത്രം അടച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ആളപായമില്ല. അക്രമികൾ ഒൻപത് പേരുണ്ടെന്നും ഇവർക്കായി പ്രദേശത്ത് പോലീസ് തിരച്ചിൽ നടത്തുകയാണെന്നും എസ്എസ്പി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കറാച്ചിയിലെ ഹിന്ദു ക്ഷേത്രം പൊളിച്ചുനീക്കിയതിൽ പ്രതിഷേധവുമായി ഹിന്ദു സമൂഹം രംഗത്തെത്തിയിരുന്നു. സോൾജിയർ ബസാറിൽ സ്ഥിതിചെയ്യുന്ന മാരി മാത ക്ഷേത്രം ഷോപ്പിംഗ് പ്ലാസയ്‌ക്ക് വേണ്ടിയാണ് തകർത്തതെന്നാണ് വിവരം. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് നിരവധി പേരാണ് മേഖലയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഏഴ് കോടി രൂപയ്‌ക്കാണ് ഷോപ്പിംഗ് പ്ലാസ പ്രൊമോട്ടർക്ക് വിറ്റത്. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുകയായിരുന്നു. ക്ഷേത്രം പൊളിച്ച് ഷോപ്പിംഗ് മാളിനായി സ്ഥലം കൈമാറിയതോടെ പ്രദേശത്ത് സംഘർഷവും ആരംഭിച്ചു.
കഴിഞ്ഞ വർഷം ജൂണിൽ മാരി മാതാ ക്ഷേത്രത്തിലെ ദേവതകളുടെ വിഗ്രഹങ്ങൾ തകർത്തിരുന്നു. പാകിസ്താനിൽ നിരന്തരം ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും സംഘർഷങ്ങളും ഉണ്ടാകാറുണ്ട്. ക്ഷേത്രം തകർത്ത സംഭവം കറാച്ചിയിലെ ഹിന്ദു സമുദായങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
Comments