കിഴക്കിന്റെ അയോദ്ധ്യയെന്നറിയപ്പെടുന്ന ക്ഷേത്രമാണ് വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം. കർക്കിടക വാവുബലി ദിനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ബലിതർപ്പണത്തിനായി ഇവിടെ എത്തിച്ചേരുന്നത്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ ശിലാവിഗ്രഹത്തിൽ ശ്രീരാമനും ലക്ഷ്മണനും ഒരുമിച്ച് വാഴുന്ന പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. കോട്ടയം ജില്ലയിലെ പുണ്യപുരാതനമായ ഈ ക്ഷേത്രം ശ്രീരാമനും ലക്ഷ്മണനും ഒരുമിച്ച് വാഴുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ്.
വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം
കോട്ടയം ജില്ലയിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം. ഒട്ടേറെ അപൂർവ്വ സംഭവങ്ങളാലും വിശ്വാസങ്ങളാലും പ്രത്യേകതകളാലും നിറഞ്ഞ ക്ഷേത്രമാണിത്. ചരിത്രപരമായും വിശ്വാസപരമായും പ്രസിദ്ധമായ ഇവിടെ രാമലക്ഷ്മണന്മാർ വന്നു പോയിട്ടുണ്ടെന്നാണ് വിശ്വാസം. ഇതിനു പുറമേ ഒട്ടനവധി മഹാവര്യന്മാരും ഋഷികളും ഇവിടെ തപസനുഷ്ടിച്ചിരുന്നുവെന്നും ഐതീഹ്യമുണ്ട്. കേരളത്തിലെ സംരക്ഷിത സ്മാരകം കൂടിയാണ് ഈ ക്ഷേത്രം. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രം നോക്കിനടത്തുന്നത്.
സീതാ ദേവിയെ അന്വേഷിച്ച് രാമനും ലക്ഷ്മണനും ഇതുവഴി എത്തിയിരുന്നുവെന്നാണ് വിശ്വാസം. അന്ന് ഇവിടെ ചുറ്റും കാടാൽ മൂടപ്പെട്ട ഇടമായിരുന്നു. കപില മഹർഷി ഉൾപ്പെടെയുള്ള മഹർഷിമാർ ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന കാലം കൂടിയായിരുന്നു ഇത്. എന്നാൽ അന്നിവിടെ വിലസിയിരുന്ന രാക്ഷസന്മാർ പലതരത്തിൽ ഇവരുടെ തപസ്സിന് വിഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത് മൂലം പ്രതിസന്ധി നേരിട്ട മഹർഷിമാർ ഇക്കാര്യം രാമലക്ഷ്മണന്മാരെ അറിയിച്ചു. തുടർന്ന് രാമൻ ലക്ഷ്മണനെ ഇത് പരിഹരിക്കുന്നതിനായി ഏൽപ്പിക്കുകയും ചെയ്തു. ഇങ്ങനെ മഹർഷിമാർക്കൊപ്പം രാക്ഷസന്മാരുടെ അടുത്തെത്തിയ ലക്ഷ്മണനെ കണ്ടപ്പോൾ
തന്നെ അവർ അക്രമം ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ ലക്ഷ്മണൻ ഇവരെ പരാജയപ്പെടുത്തി. അങ്ങനെ ലക്ഷ്മണൻ വിജയക്കൊടി പാറിച്ച ഇടം എന്ന നിലയിൽ വിജയാദ്രി എന്ന് ഇവിടം കുറേക്കാലം അറിയപ്പെട്ടു. പിന്നീട് വെന്നിമല എന്ന് മാറുകയായിരുന്നുവെന്നാണ് ഐതീഹ്യം.
ചേരമാൻ പെരുമാളും ക്ഷേത്രവും
ക്ഷേത്രവിശ്വാസങ്ങളോട് വളരെയധികം ചേർന്ന് നിൽക്കുന്ന വിശ്വാസങ്ങളാണ് ചേരമാൻ പെരുമാളുമായി ബന്ധപ്പെട്ടുള്ളത്. എട്ടാം നൂറ്റാണ്ടിനോട് അടുപ്പിച്ചാണ് ഇവിടെ ക്ഷേത്രം സ്ഥാപിതമായത്. ഒരിക്കൽ ചേരമാൻ പെരുമാൾ വേമ്പനാട് കായലിലൂടെ സഞ്ചരിക്കുമ്പോൾ കിഴക്ക് ഭാഗത്തായി നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്നതും സപ്തർഷികൾ കറങ്ങുന്നതും നാമം ജപിക്കുന്നതും അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. പിന്നീട് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കവെയാണ് സ്ഥലത്തെ പ്രധാനിയായ പാഴൂർ പണിക്കർ കിഴക്ക് ഭാഗത്തെ മലയിലെ ഈശ്വരസാന്നിദ്ധ്യത്തെക്കുറിച്ച് പെരുമാളിനോട് പറയുന്നത്.
പിന്നീട് ഇത് നേരിൽ കണ്ട് അറിയുന്നതിനായി പോയ പെരുമാൾ അവിടെ വച്ച് ആ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞു. തുടർന്ന് ഈ സ്ഥലം ഇനി മുതൽ വെന്നിമലക്കോട്ട എന്നറിയപ്പെടുമെന്ന് അരുൾ ചെയ്തു. ഇതിന് ശേഷം ഇവിടെ ഒരു ക്ഷേത്രത്തിന് വേണ്ടി പെരുമാൾ ഒരു വിഷ്ണു വിഗ്രഹം പണികഴിപ്പിക്കുകയുണ്ടായി. പ്രതിഷ്ഠാദിനത്തിന് രണ്ട് ദിവസം മുമ്പ് ഇവിടെയെത്തിയ ഒരു താപസൻ അത് പ്രതിഷ്ഠിക്കരുതെന്ന് ആവശ്യപ്പെട്ടു. കാരണം തിരക്കിയപ്പോൾ താപസൻ തന്റെ കയ്യിൽ ഇരുന്ന ഒരു വടി ഉപയോഗിച്ച് വിഗ്രഹം രണ്ടായി പിളർക്കുകയും അതിൽ നിന്ന് മലിനജലം ഒഴുകുകയും ഒരു തവള പുറത്തേക്ക് ചാടുകയും ചെയ്തു. ഇതിന് ശേഷം സമീപത്തെ തീർത്ഥക്കുളത്തിൽ നിന്നും വിഷ്ണുവിഗ്രഹം ലഭിക്കുമെന്നും ആ വിഗ്രഹത്തിൽ ശ്രീരാമലക്ഷ്മണന്മാരുടെ ചൈതന്യം ആവാഹിച്ച് പ്രതിഷ്ഠ നടത്തണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷ്ഠാദിനത്തിൽ വന്ന താപസൻ പെരുമാളിനോട് തന്ത്രിയെക്കൊണ്ട് ദേവീചൈതന്യം ആവാഹിപ്പിച്ചുവേണം വിഷ്ണുവിഗ്രഹമെടുക്കാൻ എന്നും ദേവി വിഗ്രഹം കുളത്തിൽ നിന്നെടുത്ത് ക്ഷേത്രത്തിൽ ഭഗവാന്റെ വാമാംഗത്തിൽ തെക്കുകിഴക്കേ മൂലയിൽ ദേവിയെ പ്രതിഷ്ഠിയ്‌ക്കണം എന്നും ആവശ്യപ്പെട്ടു. പ്രതിഷ്ഠാ മുഹൂർത്തമാകുമ്പോൾ കൃഷ്ണപ്പരുന്ത് ഇവിടെ പ്രത്യക്ഷപ്പെട്ട് വട്ടമിട്ടുപറന്ന് താഴികക്കുടത്തിൽ വന്നിരിയ്‌ക്കും എന്നും അപ്പോൾ പ്രതിഷ്ഠ നടത്തണമെന്നും പറഞ്ഞ് അദ്ദേഹം പോയി. ഇത് കപിലമഹർഷിയാണെന്നാണ് ഐതീഹ്യങ്ങളിൽ പരാമർശിച്ചിരിക്കുന്നത്.
ഘടപ്രസാദം ശ്രീകോവിൽ
വളരെ അപൂർവ്വവും കേരളത്തിൽ മറ്റൊരിടത്തും കാണാൻ സാധിക്കാത്തതുമായ ഘടപ്രസാദം രീതിയിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. മുഖമണ്ഡപത്തോടുകൂടിയ വട്ടശ്രീകോവിലിനെയാണ് ഘടപ്രസാദം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒറ്റനിലയുള്ള കോവിലിന്റെ നിർമ്മാണം കരിങ്കല്ലിലാണ്. ആറടിയിലധികം ഉയരമുള്ള ചതുർബാഹു വിഷ്ണുവിഗ്രഹം ശ്രീകോവിലിനകത്തെ മൂന്നു മുറികളിൽ ഏറ്റവും കിഴക്കേ അറ്റത്തുള്ള ഗൃഹത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ശ്രീരാമസ്വാമിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെങ്കിലും അദൃശ്യ സാന്നിദ്ധ്യമായാണ് ആരാധിച്ച് പോരുന്നത്. ലക്ഷ്മണ സ്വാമിയും ഇവിടുത്തെ പ്രധാന പ്രതിഷ്ഠയാണ്. സങ്കൽപ്പം ലക്ഷ്മണനെയാണെങ്കിലും രാമനെയും ആരാധിച്ച് പോരുന്നു. ഇതിനൊപ്പം തന്നെ ഹനുമാന്റെ അദൃശ്യ സാന്നിദ്ധ്യവും ഇവിടെയുണ്ടെന്നാണ് വിശ്വാസം.
ഇവിടെ എല്ലാ വർഷവും കർക്കിടക മാസത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടത്തി വരുന്നു. എല്ലാ വർഷവും കോട്ടയം ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ബലിതർപ്പണത്തിനായി എത്തുന്നത്. ശ്രീരാമ തീർത്ഥത്തിലാണ് ഇവിടെ കർക്കിടക വാവുബലി നടത്തുന്നത്.
കപിലഗുഹ
കപിലമഹർഷി തപസ്സനുഷ്ടിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഗുഹ ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് പോകുന്ന വഴിയിൽ ഐതീഹ്യങ്ങളിൽ പരാമർശിച്ചിട്ടുള്ള തീർത്ഥക്കുളവും കാണുവാൻ സാധിക്കും.
















Comments