പ്രതിപക്ഷ ഐക്യയോഗം ഇന്ന് ബെംഗളുരുവിൽ; ഏകീകൃത സിവിൽ കോഡ് ചർച്ചയാകും; കേരളത്തിൽ നിന്നും കൂടുതൽ കക്ഷികൾ യോഗത്തിൽ

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളുരു: കടുത്ത ഭിന്നതകൾക്കിടയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ബെംഗളുരുവിൽ. യുസിസി നിലപാടിൽ പ്രതിപക്ഷത്തിൽ തന്നെ ആശയ കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം എന്നതാണ് ശ്രദ്ധേയം. വിഷയത്തിൽ ഭിന്ന അഭിപ്രാമുള്ള ആംആദ്മി പാർട്ടിയും, ഉദ്ദവ് സേനയും യോഗത്തിൽ പങ്കെടുക്കും. എൻസിപിയുടെ പിളർപ്പിന് ശേഷമുള്ള ആദ്യയോഗമാണിത്.

പട്‌നയിൽ ചേർന്ന യോഗത്തിൽ, അടുത്ത സമ്മേളനം ഈ മാസം ആദ്യമുണ്ടാകും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ എൻസിപിയിലെ പിളർപ്പും യുസിസി വിഷയത്തിലെ ഭിന്നതകളും ബംഗാൾ തിരഞ്ഞെടുപ്പും കാരണം യോഗം നീണ്ടുപോകുകകയായിരുന്നു. ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗം കൂടിയായതിനാൽ തൃണമൂലിനെതിരെ അഭിപ്രായങ്ങൾ ഉയർന്നേക്കുമെന്നാണ് സൂചന.

ബംഗാൾ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറിയ കലാപത്തിനെതിരെ കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവർ രംഗത്തുവന്നിരുന്നു. തൃണമൂലിനെതിരെ കോൺഗ്രസ് ബംഗാൾ ഘടകം ഗവർണർക്ക് പരാതി നൽകുകയും സിപിഎം പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. യോഗത്തിൽ വിഷയത്തെ കുറിച്ച് ചർച്ച ഉയർന്നാൽ പ്രതിപക്ഷ ഐക്യത്തിൽ ഭിന്നതയും ബംഗാൾ അക്രമം ചർച്ചയായില്ലെങ്കിൽ ബംഗാളിൽ പ്രതിപക്ഷ പാർട്ടികൾക്കുള്ളിൽ ആഭ്യന്തര കലഹവും രൂപപ്പെടുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

യോഗത്തിലെ മറ്റൊരു പ്രധാന ചർച്ചാ വിഷയം ഏകീകൃത സിവിൽ കോഡ് ആയിരിക്കുമെന്നാണ് നിഗമനം. ജെഡിയു,തൃണമൂൽ ഉൾപ്പെടെയുള്ള പാർട്ടികൾ യുസിസിയെ എതിർക്കുമ്പോൾ വിഷയത്തിൽ ഭിന്നാഭിപ്രായമുള്ള ആംആദ്മി പാർട്ടി, ഉദ്ദവ് സേന എന്നിവരുടെ തുടർ നിലപാട് എന്തായിരിക്കുമെന്ന് അവ്യക്തമാണ്. പട്‌ന യോഗത്തിൽ ക്ഷണമില്ലായിരുന്ന 14 പാർട്ടികളെ ബെംഗളുരുവിലെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും മുസ്ലീംലീഗ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് എം, ആർഎസ്പി, ഫോർവാർഡ് ബ്ലോക്ക് എന്നിവരും ബെംഗളുരു യോഗത്തിൽ പങ്കെടുക്കും.

Share
Leave a Comment