തെഹ്‌റാൻ: ഇറാനിൽ രാജ്യവ്യാപകമായി ഹിജാബ് പ്രക്ഷോഭം നടന്ന് മാസങ്ങൾ പിന്നിടുമ്പോൾ ഹിജാബ് നിയമം വീണ്ടും നടപ്പിലാക്കാൻ ഇറാനിയൻ മതപോലീസ്. ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് മതപോലീസ് ക്രൂരമായി വധിച്ച മഹ്‌സ അമിനിയുടെ കൊലപാതകം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് ഇറാനിയൻ മതപോലീസ് വീണ്ടും ഹിജാബ് നിയമം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങുന്നത്.
ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ മതപോലീസ് കസ്റ്റഡിയിലെടുക്കുമെന്നും തുടർ നടപടികൾ അവർ നേരിടേണ്ടി വരുമെന്നും ഇറാനിയൻ നിയമനിർവ്വഹണ വക്താവ് സഈദ് മൊണ്ടസെർ അൽ മഹ്ദി വ്യക്തമാക്കി. സ്ത്രീകൾ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്നത് ഇസ്ലാം മതത്തിന് എതിരാണെന്നും ഇത് ലംഘിക്കുന്നത് മത നിന്ദയാണെന്നും ചൂണ്ടിക്കാട്ടിയാണ് മതപോലീസ് വീണ്ടും നിയമം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന്റെ പേരിൽ മതപോലീസ് അറസ്റ്റ് ചെയ്ത 22 കാരി മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാനിൽ പൊട്ടിപ്പുറപ്പെട്ടത്. സ്ത്രീകൾ ഹിജാബ് ധരിക്കാതെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ഇസ്ലാമിക ഭരണകൂടത്തെ വെല്ലുവിളിക്കുകയും ചെയ്തു. കടുത്ത അടിച്ചമർത്തലാണ് പ്രക്ഷോഭകർ നേരിടേണ്ടിവന്നത്. ലോക രാഷ്‌ട്രങ്ങൾ ഇറാൻ ഭരണകൂടത്തിന്റെ സമാനതകളില്ലാത്ത ക്രൂരതയ്‌ക്കെതിരെ രംഗത്തുവരുകയും അന്താരാഷ്‌ട്ര വേദികളിൽ ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരു വർഷത്തിന് ഇപ്പുറമാണ് വീണ്ടും നിയമം നടപ്പിലാക്കാനായി ഇറാൻ ഒരുങ്ങുന്നത്.
















Comments