തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കടലിൽ നിന്നും തിരികെ വരികയായിരുന്ന പെരുമാതുറ സ്വദേശിയുടെ ഫക്കീറാൻ അലി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ വളളം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട ബോട്ട് കരയിലെത്തിച്ചു.
അപകടങ്ങൾ തുടർക്കഥയാക്കുന്ന മുതലപ്പൊഴി കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുളള കേന്ദ്രസംഘം ഇന്നലെ സന്ദർശിച്ചിരുന്നു. മുതലപ്പൊഴി വിഷയത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് ശാശ്വത പരിഹാരം കാണുമെന്ന് വി മുരളീധരൻ അറിയിച്ചു. ഫിഷറീസ് ഡെവലപ്പ്‌മെന്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് മുതലപ്പൊഴി സന്ദർശിച്ചത്. രണ്ടാഴ്ച മുമ്പാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വളളം മറിഞ്ഞ് 4 പേർ മരിച്ചത്.
Comments