തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകുമ്പോഴും കൊതുക് നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താതെ സർക്കാർ. കൊതുക് നിവാരണ, പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ജില്ലകൾക്ക് സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് തിരിച്ചടി. കൊതുകുവഴി പടർന്നു പിടിക്കുന്ന രോഗങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്..
ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് കൊതുകുവഴി പടർന്നു പിടിക്കുന്ന രോഗങ്ങളുടെ എണ്ണത്തിൽ കുറവില്ല. പ്രതിദിനം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുന്നത് ഇരുനൂറിലധികം പേരാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈഡേ ആചരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുൾപ്പടെ നടത്താത്തതാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമായത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് അതാത് ജില്ലകൾക്ക് നിർദ്ദേശം നൽകിയിയിരുന്നു. കൊതുകു നശീകരണം, ബോധവത്ക്കരണം ഉൾപ്പടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കുമെന്നും അറിയിച്ചിരുന്നു.
Comments