ചാന്ദ്രദൗത്യത്തിൽ അഭിമാനമായി ചന്ദ്രയാൻ-3 പറന്നുയർന്നപ്പോൾ ചരിത്രമുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ചന്ദ്രനെ ലക്ഷ്യമിട്ട് പേടകം കുതിച്ചുയർന്നപ്പോൾ തലയുർത്തി നിന്നത് ശാസ്ത്ര-സാങ്കേതിക രംഗത്തുള്ള രാജ്യത്തിന്റെ വൈദഗ്ധ്യം കൂടിയായിരുന്നു. ജൂലൈ 14-ന് കുതിച്ചുയർന്ന പേടകം ഓഗസ്റ്റ് 23-നായിരിക്കും ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. അഭിമാനദൗത്യം അഭിനന്ദനങ്ങളാൽ കുതിച്ചുയരുമ്പോൾ ഒപ്പം നിന്ന ചില ഓഹരികളുമുണ്ട്. നിരവധി ലിസ്റ്റഡ് കമ്പനികളാണ് ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. എൽ ആൻഡ് ടി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് എന്നിവ ഇതിൽ പ്രധാനിയാണ്.
ചന്ദ്രയാന്റെ-3യുടെ സ്‌പേസ് ഹാർഡ്‌വെയർ നിർമ്മാണത്തിൽ നിരവധി നിർണ്ണായക ഘടകങ്ങൾ ലഭ്യമാക്കാൻ സഹായിച്ചിരുന്നു. ലാർസർ ആൻഡ് ടൂബ്രോ എന്ന എൽ ആൻഡ് ടിയാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിച്ചത്. ചന്ദ്രയാൻ-3യുടെ ഒരുക്കത്തിന്റെ ഭാഗമായി നാഷണൽ എയറോസ്‌പേസ് ലാബോറട്ടറീസിന് നിരവധി ആവശ്യ ഘടകങ്ങൾ ലഭ്യമാക്കിയത് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് എന്ന സ്ഥാപനമായിരുന്നു.
ബാറ്ററികളുടെ വിതരണമാണ് ചന്ദ്രയാൻ-3 ദൗത്യത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് നിർവഹിച്ചത്. 1993-ലെ പിഎസ്എൽവി ഡി1 ദൗത്യം മുതൽ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ ഐഎസ്ആർഒയ്‌ക്ക് ഒപ്പം സഹകരിച്ച് വരുന്ന സ്ഥാപനമാണ് വാൽചന്ദ് നഗർ ഇൻഡസ്ട്രീസ്. കൂടാതെ ചാന്ദ്ര ദൗത്യത്തിന്റെ പ്രധാന ഘടകങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കമ്പനിയാണ് സെന്റം ഇലക്ട്രോണിക്‌സ്. ചന്ദ്രയാൻ-3യുടെ എഞ്ചിൻ നിർമ്മാണത്തിനായി വലിയ പങ്ക് വഹിച്ച കമ്പനി എംറ്റാർ ടെക്‌നോളജീസ് ആയിരുന്നു. പരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസ് ആണ് ചാന്ദ്ര ദൗത്യത്തിന് ആവശ്യമായ എല്ലാ സാങ്കേതിക പിന്തുണകളും നൽകിയത്.
















Comments