കൊച്ചി ; അകാലത്തിൽ പൊലിഞ്ഞ മകന്റെ കൈ കൊണ്ട് വീണ്ടും മധുരം നുണയുമ്പോൾ സാജൻ മാത്യുവിന്റെ കണ്ണുകൾ പെയ്തൊഴിയുകയായിരുന്നു . ഇരുകൈകളും കൊണ്ടു ചേർത്തു പിടിച്ച ഹൃദയത്തിന്റെ ചിത്രം വരച്ച കേക്ക്. നേവിസിന്റെ കൈകൾ കൊണ്ടു ബസവന ഗൗഡ മുറിച്ചു. ഒരിക്കൽ കൂടി മകന്റെ ജീവൻ പകുത്തി നൽകിയവരെ കാണാൻ എത്തിയതാണ് നേവിസിന്റെ പിതാവ് സാജൻ മാത്യുവും മാതാവ് ഷെറിൻ ആനിയും സഹോദരങ്ങൾ എൽവിസും വിസ്മയയും.
രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ മൂലം കഴിഞ്ഞ സെപ്‌റ്റംബർ 24 നാണ് കളത്തിപ്പടി സ്വദേശി നേവിസ് സാജന്‍ മരിച്ചത്. മസ്‌തിഷ്‌ക മരണം സംഭവിച്ച് നേവിസ് ആശുപത്രിയിൽ കഴിയുമ്പോഴാണ് അവയവ ദാനത്തിന് മാതാപിതാക്കൾ സമ്മതം നൽകിയത്. നേവിസിന്‍റെ കണ്ണുകൾ, കൈകൾ, വൃക്കകൾ, കരൾ, ഹൃദയം എന്നിവ ഏഴുപേർക്ക് പുതുജീവന്‍ നൽകി.
നേവിസിന്‍റെ ഹൃദയം സ്വീകരിച്ച കണ്ണൂർ സ്വദേശി പ്രേം ചന്ദ് (56), കരൾ സ്വീകരിച്ച നിലമ്പൂർ സ്വദേശി വിനോദ് ജോസഫ് (44), കൈകൾ സ്വീകരിച്ച കർണാടകയിലെ ബെല്ലാരി സ്വദേശി ബസവന ഗൗഡ (34), വൃക്കകൾ സ്വീകരിച്ച മലപ്പുറം സ്വദേശി അൻഷിഫ് (17), തൃശൂർ സ്വദേശി ബെന്നി (46), കണ്ണ് സ്വീകരിച്ച വാകത്താനം സ്വദേശി ലീലാമ്മ തോമസ് (70) എന്നിവരാണ് നേവിസിന്‍റെ അച്ഛൻ സാജൻ മാത്യുവിനെയും അമ്മ ഷെറിൻ ആനിയെയും കാണാനെത്തിയത്.
അരിമില്ലിൽ തൊഴിലാളിയായിരുന്ന ബസവന ഗൗഡയുടെ കൈകൾ യന്ത്രത്തിൽ കുടുങ്ങിയാണ് നഷ്‌ടപ്പെട്ടത്. 11 കൊല്ലം കൈകളില്ലാതെ വിഷമിച്ച ബസവനയ്‌ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. മകന്‍റെ കൈകൾ നേരിട്ട് തൊട്ടറിയാനായി ഒന്നര വർഷമായി ബസവനയെ കൊച്ചിയിൽ താമസിപ്പിച്ചിരുന്നു നേവിസിന്‍റെ കുടുംബം. ബസവനയുടെ മുഴുവന്‍ ചെലവും സാജൻ മാത്യുവാണ് നടത്തിയത്.
നേവിസ് സാജൻ മാത്യുവിന്റെ 27–ാം പിറന്നാളായിരുന്നു ഇന്നലെ. നേവിസ് കൂടെയില്ലാത്ത പിറന്നാൾ. എല്ലാവരും ഒത്തു ചേർന്നാണ് മധുരം പങ്ക് വച്ചത്.
















Comments