ന്യൂഡൽഹി: ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗം വളർച്ചയാണെന്നും അതിനുള്ള ഉത്തമ ഉദാഹരണം ഇന്ത്യയാണെന്നും ലോക ബാങ്ക് മേധാവി അജയ് ബംഗ. സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന കുതിപ്പ് ദാരിദ്ര്യത്തെ തുടച്ചുനീക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂഗോളത്തെ ആകമാനം ഭീതിയുടെ മുൾമുനയിൽ നിർത്തിയ മഹാമാരിയിൽ നിന്ന് ഇന്ത്യ പുറത്തുവന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദ്വാരകയിലെ നൈപുണ്യ വികസന കേന്ദ്രത്തിലെ കുട്ടികളുമായി സംവദിക്കുന്നതിനിടെയായിരുന്നു ലോക ബാങ്ക് മേധാവിയുടെ പരാമർശം.
ദാരിദ്ര്യത്തെ നേരിടുന്നതിൽ ഇന്ത്യ വിജയിച്ചു. സമ്പദ് വ്യവസ്ഥയിലുണ്ടായ വളർച്ചയാണ് രാജ്യത്തെ, പട്ടിണിയിൽ നിന്ന് മുക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഭൂതപൂർവ്വമായ വളർച്ചയാണ് ഇന്ത്യയിലുണ്ടായതെന്ന് നീതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. അഞ്ച് വർഷത്തിനിടെ 13.5 കോടി പൗരന്മാരാണ് പട്ടിണിയിൽ നിന്ന് മുക്തമായത്. ‘ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക: അവലോകനം 2023’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൊറോണ മഹാമാരി കാലത്ത് ഏകദേശം രണ്ട് വർഷത്തോളമാണ് ലോകം പ്രതിസന്ധിയിലായത്. എന്നാൽ അപ്പോഴും ലോകരാജ്യങ്ങൾക്ക് പോലും സഹായമെത്തിച്ചത് ഇന്ത്യയായിരുന്നു. അത്രമാത്രം വളർച്ചയാണ് രാജ്യം വളരെ കുറച്ച് കാലം കൊണ്ട് കാഴ്ച വെച്ചത്. തൊഴിലവസരങ്ങളിലുണ്ടായ വർദ്ധനവാണ് വളർച്ചയിലേക്ക് നയിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
മഹാമാരിയും കാലാവസ്ഥ വ്യതിയാനവും കടബാധ്യതയും പല രാജ്യങ്ങളിലും പട്ടിണിയുടെ ആഘാതം വർദ്ധിപ്പിച്ചു. എന്നാൽ ഇന്ത്യയെ ഇവയൊന്നും ബാധിക്കാതിരുന്നത് ഉയർന്ന വളർച്ചാ നിരക്കും തൊഴിലവസരവുമാണ്. ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയിൽ ആണി തറയ്‌ക്കാനുള്ള ഏറ്റവും നല്ല മാർഗം വളർച്ചയാണ്. മികച്ച തൊഴിലുകൾ പരിശീലിക്കാൻ അവസരം നൽകുമ്പോൾ ഉദ്യോഗാർത്ഥിയ്‌ക്കൊപ്പം രാജ്യവും വളരുന്നു. രാജ്യത്ത് നടക്കുന്ന എല്ലാ വികസനത്തിലും എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.- അജയ് ബംഗ പറഞ്ഞു.
Comments