മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ടൊവിനോയുടെ കഥാപാത്രത്തിന് പ്രായഭേദമില്ലാതെ നിരവധി പേരാണ് ഏറ്റെടുത്തത്. പിന്നാലെ പ്രമുഖ കോമിക് മാഗസിനായ ടിങ്കിളും ഏറ്റെടുത്തിരിക്കുകയാണ് മലയാളിയുടെ സ്വന്തം സൂപ്പർ ഹീറോയെ.
നിർമ്മാതാവ് സോഫിയ പോളാണ് ടിങ്കിളിലൂടെ മിന്നൽ മുരളി വീണ്ടുമെത്തുന്ന വിവരം പുറത്തുവിട്ടത്. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും എത്തിക്കുന്നത്. പ്രശസ്തമായ സാൻഡിയാഗോ കോമിക് കോണിൽ വെച്ചാകും മിന്നൽ മുരളിയെ അവതരിപ്പിക്കുക.

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായിരുന്നു 2021-ൽ പുറത്തിറങ്ങിയ ചിത്രം. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായഗ്രഹണം സമീർ താഹിറാണ് നിർവഹിച്ചത്. ഷാൻ റഹ്‌മാനും സുഷിൻ ശ്യാമുമായിരുന്നു സംഗീതം. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
















Comments