ലോകത്തിലെ ഏറ്റവും മനോഹരമായ തീർത്ഥാടന കേന്ദ്രമാക്കി അയോദ്ധ്യയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ രാവും പകലും പുരോഗമിക്കുകയാണ്. അയോദ്ധ്യയെ ഏറ്റവും മനോഹരമായ നഗരമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇത് നിറവേറ്റുന്നതിനായി മുഖ്യമന്ത്രി യോഗി നേരിട്ട് തന്നെ അയോദ്ധ്യയുടെ വികസന പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.
2024-ൽ രാമഭക്തർക്ക് ദർശനം നടത്താനാകുമെന്നാണ് പ്രതീക്ഷ. രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ളവർ മത്സരിക്കുകയാണ്.
അയോദ്ധ്യയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ആവശ്യത്തിന് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പാർക്കിംഗ്, ധർമശാലകൾ എന്നിവ തുറക്കാൻ ചീഫ് സെക്രട്ടറി ദുർഗാശങ്കർ മിശ്ര നിർദ്ദേശം നൽകിയിരുന്നു.
ഇപ്പോൾ ജനുവരിയിൽ, ക്ഷേത്ര ദർശനായി നഗരത്തിലെ മിക്ക പ്രശസ്ത ഹോട്ടലുകളുടെയും മുറികൾ നിറഞ്ഞിരിക്കുകയാണ്. നിലവിൽ ട്രാവൽ ഏജൻസികളും മുൻകൂർ ബുക്കിംഗ് ആരംഭിച്ചു. രാംലാലയുടെ പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ചാണ് ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. അയോദ്ധ്യ നഗരത്തിലെ മിക്ക ഹോട്ടലുകളിലും മുറികൾ ബുക്ക് ചെയ്ത് കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾ ബുക്കിംഗ് അടിയന്തരമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ചില ഹോട്ടലുകൾ വെയിറ്റിംഗ് ലിസ്റ്റിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വെയിറ്റിംഗ് ലിസ്റ്റാണെങ്കിലും ഭക്തർ മുൻകൂർ പണം നൽകാൻ തയ്യാറാണ്. ഇതിൽ ഭൂരിഭാഗം ഭക്തരും ക്ഷേത്രത്തിന് സമീപം നിർമ്മിച്ച ഹോട്ടലുകളിൽ താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്.
രാമക്ഷേത്രത്തിന് സമീപമുള്ള ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാൻ കഴിഞ്ഞ ഒരു മാസമായി ഭക്തർ ശ്രമിക്കുകയാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ പ്രതിഷ്ഠാ പരിപാടിയ്‌ക്ക് ശേഷമാകും ബുക്കിംഗ് ആരംഭിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിലെത്തും.
















Comments