ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗംഗോത്രി ദേശീയപാത അടച്ചു. ഉത്തരാഖണ്ഡിലെ പുരാന താന, ധാരാസു ബന്ദിന് സമീപം വൻ മണ്ണിടിച്ചിൽ സംഭവിച്ചതായും തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതായും ദുരന്ത നിവാരണ സേന അറിയിച്ചു. ഗതാഗതം നിലച്ചതോടെ നിരവധി വാഹനങ്ങളാണ് റോഡിൽ കുടുങ്ങി കിടക്കുന്നത്.
ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ ഓഫീസർ ദേവേന്ദ്ര പട്വാൾ പറഞ്ഞു. മണ്ണിടിഞ്ഞ് പ്രദേശം അപകട സാധ്യതമേഖലയായി തുടരുന്നതിനാൽ നടപടികൾ വൈകുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയോര പ്രദേശങ്ങളിലെ അപ്രത്യക്ഷിത മഴയെ തുടർന്ന് ഗംഗാനദി വീണ്ടും കരകവിഞ്ഞൊഴുകുകയാണ്. ജലനിരപ്പ് വർദ്ധിച്ചതോടെ ഗംഗാ നദിയുടെ മായകുണ്ഡ്, ചന്ദ്രഭാഗ, ചന്ദ്രേശ്വർ നഗർ തുടങ്ങിയ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് ദിവസമായി ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി ഉരുൾപ്പൊട്ടലുകളും മേഘവിസ്‌ഫോടനങ്ങളും ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് നദികളിലെ ജലനിരപ്പ് വലിയ തോതിൽ ഉയരുന്ന സ്ഥിതിഗതിയാണ് നിലവിലുള്ളത്. രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
















Comments