ന്യൂഡൽഹി: മണിപ്പൂർ, രാജസ്ഥാൻ വിഷയങ്ങളിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ വ്യക്തമാക്കി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുൻകൈ എടുക്കും. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയും. വിഷയത്തിൽ സംസ്ഥാന സർക്കാരുകളോട് വിവരങ്ങൾ തിരക്കിയതായും രേഖ ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായി മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചിരുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഒരു പ്രതികളെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യത്വത്തിന് നിരക്കാത്ത സംഭവമാണ് നടക്കുന്നതെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ വാങ്ങി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ പ്രധാനമന്ത്രിയും ഇടപെട്ടിരുന്നു. മണിപ്പൂരിൽ സംഭവിച്ചത് പരിഷ്‌കൃത സമൂഹത്തിന് നിരക്കുന്ന കാര്യമല്ലെന്നും ഹൃദയം അത്യധികം വേദനിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേഷ്യവും ദുഃഖവും ഒരേസമയം അനുഭവപ്പെടുകയാണ്. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും മാപ്പർഹിക്കുന്ന കാര്യമല്ല. ഒരു കുറ്റവാളിയും നിമയത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടുകയില്ലെന്ന് താൻ ഉറപ്പുനൽകുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
വിഷയത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തിരുന്നു. ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരുകൾക്ക് കോടതി നിർദ്ദേശം നൽകി. കേസ് ഈ മാസം 28ന് പരിഗണിക്കും.
















Comments