ലക്നൗ: ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡിൽ കർഷകർക്ക് വേണ്ടി സർക്കാർ നടപ്പിലാക്കിയ ‘മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന’ പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് യോഗി ആദിത്യനാഥ്. 75 കോടിയിൽ നിന്നും 350 കോടിയായി പദ്ധതിയുടെ ബജറ്റ് ഉയർത്താനാണ് യോഗി സർക്കാർ നിർദേശിച്ചിരിക്കുന്നത്.
പദ്ധതി പ്രകാരം മൃഗങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ സോളാർ വേലി സ്ഥാപിക്കും. മൃഗങ്ങൾക്ക് നേരിയ രീതിയിൽ ഷോക്ക് നൽകുന്ന സംവിധാനമാണ് സോളാർ വേലികൾ. ഇതിൽ സ്പർശിക്കുന്നത് വഴി മൃഗങ്ങൾക്ക് ഷോക്കേൽക്കുമെങ്കിലും ജീവഹാനി സംഭവിക്കുകയില്ല. അതിനാൽ സോളാർ വേലി സ്ഥാപിക്കുന്നതിലൂടെ മൃഗങ്ങളിൽ നിന്നും വിളകൾക്ക് സംരക്ഷണം ലഭിക്കുന്നു. കാട്ടുപന്നി, കുരങ്ങ് മുതലായവ വിളകൾക്ക് നാശമുണ്ടാക്കുന്നത് തടയാൻ ഇത്തരം സംവിധാനം ഗുണം ചെയ്യും.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹെക്ടറിന് 1.63 ലക്ഷം രൂപ വീതം കർഷകർക്ക് സർക്കാർ ഗ്രാന്റ് നൽകും. പദ്ധതിയുടെ കരട് രൂപരേഖ ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി അയക്കുമെന്ന് കാർഷിക വകുപ്പ് അറിയിച്ചു. അനുമതി ലഭിച്ചാൽ ഉടൻ തന്നെ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും.
മൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കാതെ വരുമ്പോഴാണ് അവ വിളകൾക്ക് നാശം വരുത്തുന്നത്. അതുകൊണ്ട് ജനങ്ങൾ അനധികൃതമായി കൈയ്യേറിയിരിക്കുന്ന പുൽമേടുകളും വനമേഖലകളും എത്രയും വേഗം മോചിപ്പിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25 സംസ്ഥാനത്ത് ക്യാമ്പയിൻ സംഘടിപ്പിക്കും.
Comments