അബുദാബി: പ്രവാസികൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ വെബ്സൈറ്റിൽ സംവിധാനവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാർക്ക് വേഗത്തിലും എളുപ്പത്തിലും പരാതികൾ അറിയിക്കാനും സഹായം തേടാനും ചാറ്റ്ബോട്ട് സംവിധാനമാണ് ഒരുക്കിയത്. 24 മണിക്കൂറും സേവനം ലഭ്യമാണ്.
നിർമിത ബുദ്ധി, ചാറ്റ്ബോട്ട് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവാസി ക്ഷേമ സംരംഭമായ പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിനുകീഴിലെ സേവനങ്ങൾ നവീകരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറും ചാറ്റ്ബോട്ട് വഴി പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകും. നിലവിൽ കോൺസുലേറ്റ് ജനറലിന്റെ വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ തന്നെ ചാറ്റ്ബോട്ട് സേവനം കാണാം. പിബിഎസ്കെ ഹെൽപ്പ് ഡെസ്ക് എന്ന ചാറ്റ്ബോട്ടിൽ നിന്ന് മെസേജുകൾ വന്നുതുടങ്ങും. ഉപഭോക്താവിന്റെ ഇ-മെയിൽ ഐ.ഡി നൽകിക്കഴിഞ്ഞാൽ അന്വേഷണങ്ങൾക്ക് സാധിക്കും. കോൺസുലേറ്റ് നൽകുന്ന പാസ്പോർട്ട്, അറ്റസ്റ്റേഷൻ, കോൺസുലാർ, ലേബർ, വിസ/ഒ.സി.ഐ/റിനൻസിയേഷൻ, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സേവനങ്ങളെക്കുറിച്ച അന്വേഷണങ്ങൾക്ക് മറുപടി ലഭിക്കും.
ഇ-മെയിൽ നൽകുന്നതിനാൽ തന്നെ നേരത്തെ ഉപഭോക്താവ് നടത്തിയ അന്വേഷണങ്ങളുടെ റെക്കോഡ് സൂക്ഷിക്കാൻ ചാറ്റ്ബോട്ടിന് സാധിക്കും. മാത്രമല്ല, ചാറ്റ് സെഷൻ മെയിൽ ചെയ്ത് ലഭിക്കുകയും ചെയ്യും. ഇ-മെയിൽ ഐ.ഡി ഇല്ലാത്ത തൊഴിലാളികൾക്കുവേണ്ടി മൊബൈൽ നമ്പർ വഴി സേവനം ലഭ്യമാക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്. നിയമ, മനഃശാസ്ത്ര, സാമ്പത്തിക കാര്യങ്ങളിൽ കൗൺസലിംഗ് സേവനത്തിന് കോൺസുലേറ്റ് വെബ്സൈറ്റ് വഴി ഓൺലൈൻ ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.cgidubai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Comments