ഉച്ചയ്‌ക്ക് എന്ത് കഴിക്കണമെന്ന് വളരെയധികം ചിന്തിക്കേണ്ട ആവശ്യം മലയാളിയ്‌ക്കില്ല. കാരണമെന്തന്നാൽ ഉച്ചയൂണാണ് കേരളത്തിൽ സ്‌പെഷ്യൽ. ബിരിയാണിയും മറ്റും ഇടയ്‌ക്ക് കഴിക്കുന്ന പതിവുമുണ്ട് മലയാളിയ്‌ക്ക്.
പ്രോട്ടീൻ സമ്പന്നമായ ആഹാരമാണ് ഉച്ചനേരത്ത് ഉത്തമം. എന്നാൽ ചില ഭക്ഷണങ്ങൾ ഉച്ചഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണമെന്നറിയവുന്നവർ ചുരുക്കമാണ്. ഇവയാണ് ആ ഭക്ഷണങ്ങൾ..
ഉച്ചയ്‌ക്ക് ശേഷം ഉറങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ പാസ്തയെ കൂട്ടാവുന്നതാണ്! സ്‌കൂളിലും ഓഫീസിലും മറ്റ് തിരക്കുകളിലും ആയിരിക്കുമ്പോൾ പാസ്ത കഴിച്ചാലുള്ള അവസ്ഥ വളരെ കഷ്ടമായിരിക്കും. അധിക പ്രോട്ടീൻ ഇല്ലാത്തതും കാർബോഹൈഡ്രേറ്റിന്റെ കലവറയുമാണ് പാസ്ത. ഇത് കഴിക്കുന്നത് വഴി ക്ഷീണം അനുഭവപ്പെടാൻ കാരണമാകും. ഇത് ഉറക്കത്തിലേക്ക് നയിക്കാം. പാസ്ത ഉച്ചഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം. അതുപോലെ തന്നെ തലേ ദിവസം പാകം ചെയ്ത ആഹാരം പിറ്റേന്ന് കഴിക്കുന്നതും ശരീരത്തിനും ആരോഗ്യത്തിനും നന്നല്ല. ഇത് വയറിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് ആഹാരം പാഴാക്കാതെ ആവശ്യമുള്ളത് മാത്രം പാകം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ബർഗറും വറുത്തതും പൊരിച്ചതും ഉച്ചയ്‌ക്ക് ഒഴിവാക്കുന്നതാണ് മെച്ചം. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഇവ രക്തധമനികളിൽ തടസം സൃഷ്ടിക്കുന്നു. ബീഫ്, ചീസ്, സോസ്, ചിപ്‌സ് എന്നിവയും ഒഴിവാക്കേണ്ടതാണ്. പ്രോട്ടീനും നാരുകളും തീരെ ഇല്ലാത്തതിനാൽ തന്നെ കൊഴുപ്പടിയാനുള്ള സാധ്യതയേറെയാണ്. ശീതികരിച്ച ഭക്ഷണപദാർത്ഥങ്ങൾ ഉച്ചയ്‌ക്ക് കഴിക്കരുത്. കേടാകാതിരിക്കാനുള്ള വസ്തുക്കൾ ചേർത്താണ് ഇവ പായ്‌ക്ക് ചെയ്യുന്നത്. കുറഞ്ഞ അളവിലുള്ള ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ കാരണമാകുന്നു.
പുതുതലമുറയുടെ ഇഷ്ടക്കാരനായ മയോണൈസിനെയും ഉച്ചയ്‌ക്ക് പറഞ്ഞയക്കേണ്ടതാണ്. ഒരു സ്‌കൂപ്പ് മയോണൈസിൽ 100-ലധികം കലോറിയാണുള്ളത്. അമിത കൊഴുപ്പ് കഴിച്ച് ആരോഗ്യപ്രശ്‌നങ്ങളും ഉറക്കവും വിളിച്ചുവരുത്തുകയാണ് ഉച്ചയ്‌ക്ക് മയോണൈസ് കഴിക്കുന്നത് വഴി ചെയ്യുന്നത്. കലോറി കുറവുള്ളതും പോഷക സമ്പന്നവുമാണ് പച്ചക്കറി സൂപ്പുകൾ. എന്നിരുന്നാലും ഉച്ചനേരത്ത് ഇവ ഒഴിവാക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. കാരണമെന്തന്നാൽ പച്ചക്കറി സൂപ്പുകളിൽ, പ്രോട്ടീൻ അടങ്ങിയിട്ടില്ലെന്നതാണ് വാസ്തവം. വളരെ പെട്ടെന്ന് തന്നെ വിശപ്പ് അനുഭവപ്പെടാൻ തുടങ്ങും. ഉച്ചഭക്ഷണത്തിന് സൂപ്പ് തിരഞ്ഞെടുക്കുന്നവർ പച്ചക്കറി സൂപ്പിനോട് വിട പറഞ്ഞ് ചിക്കൻ സൂപ്പോ മറ്റോ തിരഞ്ഞെടുക്കാവുന്നതാണ്.
ചീരയും ക്യാരറ്റും എന്ന് തുടങ്ങിയ പച്ചക്കറികൾ വെട്ടിയരിഞ്ഞ സാലഡ് എന്ന് പറയുന്നതിനെ ഉച്ചഭക്ഷണമായി കണക്കാൻ കഴിയില്ല. വെജിറ്റബിൾ സൂപ്പ് പോലെ ഇവയും പ്രോട്ടീൻ കുറഞ്ഞ ആഹാരമാണ്. മധുരവും ഉച്ചയ്‌ക്ക് ഒഴിവാക്കേണ്ടതാണ്. മധുരം കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് വിശപ്പ് വർദ്ധിപ്പിക്കാൻ കാരണമാകും. ജ്യൂസും മറ്റ് പഴച്ചാറുകളും ഉച്ചനേരത്ത് കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കാൻ കാരണമാകും. ദിവസത്തേക്ക് മുഴുവനായി വേണ്ട പ്രോട്ടീനും മറ്റും ലഭ്യമാക്കേണ്ട ആഹാരമാണ് ഉച്ചഭക്ഷണം. ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണം മാത്രമാകണം കഴിക്കേണ്ടത്.
















Comments