തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ സ്വന്തം ജില്ലയായ പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവല്ല തുകലശ്ശേരി മാടവന പറമ്പിൽ ബിജുവിനെ ഈ മാസം 16-ാം തിയതി മുതൽ ആശുപത്രിയിൽ നിന്ന് കാണാതാവുകയായിരുന്നു. മകനെ കാണുന്നില്ലെന്ന് കാണിച്ച് ബിജുവിന്റെ മാതാവ് തിരുവല്ല പോലിസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ പോലീസ് ക്യത്യമായി അന്വേഷിച്ചില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബിജുവിന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റിനിടയിൽ വിവസ്ത്രമായി കാണപ്പെട്ടത് ദുരൂഹമാണ്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗിയുടെ മരണം സംഭവിച്ചത് ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അനാസ്ഥ മൂലമാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒരു സുരക്ഷയുമില്ലെന്നുള്ളതിന് തെളിവാണ് തുടർച്ചയി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൻ നിന്നും വ്യക്തമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരമായ പ്രവർത്തനമാണ് ആരോഗ്യമേഖലയിൽ നടക്കുന്നത്. ബിജുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments