ന്യൂഡൽഹി: ഒരുകാലത്ത് ഇന്ത്യൻ വോളിയുടെ നെടുംതൂണായിരുന്ന ടോം ജോസഫ് ഇന്ത്യയുടെ സഹപരിശീലകനാകും.സെപ്തംബറിൽ ചൈനയിലെ ഹാങ്‌ചോയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായാണ് 43കാരനായ ടോമിന്റെ നിയമിച്ചിരിക്കുന്നത്. അടുത്തിടെ രൂപം നൽകിയ വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അഡ്‌ഹോക്ക് കമ്മറ്റിയാണ് 28 അംഗടീമിനെയും ഏഴ് പരിശീലകരെയും കോച്ചിംഗ് ക്യാമ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
28 അംഗ ദേശീയ ക്യാമ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച പത്തുകളിക്കാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുത്തുസ്വാമി, ജെറോം വിനീത്,വൈശാഖ് രഞ്ജിത്,ഷമീമുദ്ദീൻ,ജോൺ ജോസഫ്,ജിഷ്ണു പി.വി,മുജീബ് എം.സി,ഹേമന്ദ് പി,എറിൻ വർഗീസ്,ആനന്ദ് കെ. എന്നിവരാണ് കേരളത്തിൽ നിന്നുള്ളവർ.ജയ്ദീപ് സർക്കാാണ് മുഖ്യ പരിശീലകൻ. ദേവേന്ദർ ചൗഹാൻ,ഹേമ ഖേൽക്കർ,അജ്വന്ത് സിംഗ് എന്നിവരാണ് മറ്റ് സഹപരിശീലകർ.
ഇന്ത്യയ്‌ക്ക് വേണ്ടി രണ്ട് ഏഷ്യൻ ഗെയിംസുകളിൽ പങ്കെടുത്ത താരമാണ് ടോം ജോസഫ്. 2002ൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് ഫിനിഷ്‌ചെയ്ത ബുസാൻ ഏഷ്യൻ ഗെയിംസിലും 2006ലെ ദോഹ ഏഷ്യൻ ഗെയിംസിലുമാണ് യൂണിവേഴ്‌സൽ ആൾറൗണ്ടർ റോളിൽ ടോം കളിച്ചത്. സാഫ് ഗെയിംസുകളിലും ലോകകപ്പ് യോഗ്യതാ ടൂർണമെന്റുകളിലും അന്താരാഷ്‌ട്ര ടൂർണമെന്റുകളിലും 14കൊല്ലത്തോളം ഇന്ത്യയെ പ്രതിനിധീകരിച്ച ടോം ജോസഫ് കേരളത്തിനായി നിരവധി ദേശീയ ചാമ്പ്യൻഷിപ്പുകളിലും ഫെഡറേഷൻ കപ്പുകളിലും കളിച്ചിട്ടുണ്ട്.2014ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.
















Comments