ബെംഗളുരു: ഇന്ത്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ച് അർജന്റീന. ഇത് സംബന്ധിച്ച് പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലുമായി ധാരണപത്രം അർജന്റീനിയൻ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. സൈനിക ആവശ്യങ്ങൾക്കായുള്ള ലൈറ്റ്, സെമി യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് ഇന്ത്യയിൽ നിന്നും അർജന്റീന വാങ്ങുന്നത്.
ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സ് ലിമിറ്റഡിന്റെ ബെംഗളുരുവിലെ ആസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ അർജന്റീനിയൻ പ്രതിരോധ മന്ത്രി ജോർജ് തെയ്‌ന, എച്ച്എഎൽ സിഎംഡി സി.ബി. അനന്തകൃഷ്ണൻ എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. അർജന്റീനിയൻ ആഭ്യന്തര സെക്രട്ടറി ഫ്രാൻസിസ്‌കോ സെലാരിയോ, ഇന്ത്യയിലെ അർജന്റീനിയൻ അംബാസിഡർ ജേവ്യെർ ഗോബ്ബി, അർജന്റീനയിലെ ഇന്ത്യൻ അംബാസിഡർ ദിനേശ് ഭാട്ടിയ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
2019 ഫെബ്രുവരിയിൽ അർജന്റീനിയൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശന വേളയിൽ പ്രതിരോധ സഹകരണത്തിന് ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. നിലവിൽ അർജന്റീനയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപര പങ്കാളിയാണ് ഇന്ത്യ.
ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സിന്റെ 20 പ്രചണ്ഡ് ഹെലികോപ്റ്ററുകളാണ് ആദ്യഘട്ടത്തിൽ വാങ്ങുന്നതെന്നാണ് അർജന്റീനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ കരസേന, വായു സേന വിഭാഗങ്ങളുടെ ഭാഗമാണ് നിലവിൽ പ്രചണ്ഡ്.
















Comments