2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കി. നടന്റെ 8-ാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണിത്. 2009-ലാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് അവസാനം ലഭിച്ചിരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിനായിരുന്നു അവാർഡ്. വർഷങ്ങൾക്കിപ്പുറവും തേച്ച് മിനുക്കിയ അഭിനയ സൗകുമാര്യം കൊണ്ട് മികച്ച നടനെന്ന ഖ്യാദി വീണ്ടും തന്റെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ് മമ്മൂട്ടി. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനായിരുന്നു അവസാന റൗണ്ടിൽ വരെ മമ്മൂട്ടിയുടെ എതിരാളി.
രൂപം കൊണ്ടും ഭാവം കൊണ്ടും പല ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന കഥാപാത്രങ്ങളെയാണ് 2022-ൽ മമ്മൂട്ടി അഭിനയിച്ച് ഫലിപ്പിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിൽ ഒരുടലിൽ തന്നെ ജയിംസ് ആയും സുന്ദരമായും ആടി തമിർത്ത് പ്രേക്ഷകരെ മമ്മൂട്ടി അത്ഭുതപ്പെടുത്തി. ജെയിംസ് എന്ന മൂവാറ്റുപുഴക്കാരനായ നാടകക്കാരൻ ഒറ്റ ഉറക്കം കൊണ്ട് ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയായി മാറുകയാണ്. മൂവാറ്റുപുഴയിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ദൂരം ഒരു ഉറക്കത്തിന്റെ ദൈർഘ്യം മാത്രമായി മാറുന്നു. പിന്നെ കണ്ടത്, ജെയിംസിലേക്കും സുന്ദരത്തിലേക്കും അനായേസേന കൂടുവിട്ട് കൂടുമാറി വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയെയാണ്. നൻപകൽ നേരത്ത് നടക്കുന്ന മഹാനടന്റെ പകർന്നാട്ടം.
ഒരു ലിജോ ചിത്രത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മമ്മൂട്ടിയുടെ പകർന്നാട്ടം. ഭീഷ്മപർവ്വത്തിൽ അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കിളപ്പനായും പുഴുവിലെ കുട്ടനായും റോഷാക്കിൽ ലൂക്ക് ആന്റണിയായും ഒരേ വർഷം തന്നെ മമ്മൂട്ടി വിസ്മയിപ്പിച്ചു. മട്ടാഞ്ചേരിയിലെ പ്രശസ്തമായ അഞ്ഞൂറ്റി കുടുംബത്തിന്റെ നാഥനായ മൈക്കിളായുള്ള മമ്മൂട്ടിയുടെ അഭിനയത്തെ വിശേഷിപ്പിക്കണമെങ്കിൽ സംവിധായകൻ ഭദ്രന്റെ വാക്കുകൾ കടമെടുക്കണം. ‘പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം’ എന്നായിരുന്നു മമ്മൂട്ടിയുടെ അഭിനയത്തെപ്പറ്റി ഭദ്രൻ വിശേഷിപ്പിച്ചത്.
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് റോളിലെത്തിയ ചിത്രമായിരുന്നു രതീന സംവിധാനം ചെയ്ത പുഴു. വിധേയനും കൂടെവിടേയും പാലേരി മാണിക്യവും മുന്നറിയിപ്പും തീർത്ത അതേ പാതയിൽ പുഴുവിലെ കുട്ടനായി മമ്മൂട്ടി വീണ്ടും സഞ്ചരിച്ചു. അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് കുട്ടനായി മമ്മൂട്ടി പകർന്നാടിയത്. ജാതിവെറിയും ടോക്സിക് പേരന്റിംഗുമെല്ലാം മമ്മൂട്ടിയുടെ മുഖത്ത് മിന്നി മിറഞ്ഞു. ഈ ചിത്രങ്ങളെല്ലാം കണ്ട് അത്ഭുതപ്പെട്ട മലയാളികളുടെ മുന്നിലേയ്‌ക്കാണ് നിസാം ബഷീർ റോഷാക്ക് അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ട സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു റോഷാക്കിലെ മമ്മൂട്ടി. കൊലയാളി ഇനി ഇല്ലെന്ന് മനസിലാക്കുമ്പോൾ, കൊലയാളിയുടെ ആത്മാവിനെ തന്നെ മുറിവേൽപ്പിക്കാൻ ലൂക്ക് നടത്തുന്ന ശ്രമങ്ങളും അയാളുടെ വിവിധ വൈകാരിക ഭാവങ്ങളും മമ്മൂട്ടിയുടെ മുഖത്ത് മിന്നി മറഞ്ഞപ്പോൾ പ്രേക്ഷകർ കണ്ടത് മഹാനടന്റെ നടനചാരുതയാണ്.
















Comments